കാസര്‍ഗോഡ്: ശാരീരിക അവശതകള്‍ മാറ്റാന്‍ മന്ത്രവാദ ചികിത്സയ്ക്ക് വിധേയയായ യുവതി മരിച്ചു.
ബെള്ളൂര്‍ പഞ്ചായത്തില്‍ തോട്ടകമൂല കോളനിയിലെ പ്രമീള(21)യാണ് മരിച്ചത്. ഇടയ്ക്കിടെ വിവിധ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.
അനാരോഗ്യത്തിന് ശാശ്വത പരിഹാരം തേടിയാണ് മന്ത്രവാദ ചികിത്സ നടത്തിയതെന്ന് പറയുന്നു.
അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് നാടന്‍ ചികിത്സ നടത്തുന്നവര്‍ കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളുടെ ഉള്‍പ്രദേശങ്ങളില്‍ സുലഭമാണ്.
ആധുനിക ചികിത്സാ സംവിധാനങ്ങള്‍ക്കെതിരായ പ്രചാരണവും ഇവര്‍ നടത്തുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളില്‍ കുടുങ്ങി ദിവസങ്ങള്‍ക്കു മുമ്പാണ് കുടുംബാംഗങ്ങള്‍ യുവതിയെ മന്ത്രവാദിയുടെ അടുത്തെത്തിച്ചതെന്ന് പറയുന്നു.
എന്നാല്‍ ചികിത്സ തുടങ്ങിയപ്പോള്‍ തന്നെ യുവതിയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമാവുകയും ബുധനാഴ്ച വൈകിട്ട് മരണം സംഭവിക്കുകയുമായിരുന്നു.
കുടുംബാംഗങ്ങള്‍ ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെങ്കിലും പട്ടികവര്‍ഗ വകുപ്പിനു കീഴിലെ ഉദ്യോഗസ്ഥര്‍ സംഭവം അന്വേഷിക്കുന്നുണ്ട്.
ഉള്‍പ്രദേശങ്ങളിലെ കോളനികളില്‍ നേരത്തേയും ഇത്തരം മരണങ്ങള് സംഭവിച്ചിട്ടുള്ളതായി പറയുന്നു.
തോട്ടകമൂല കോളനിയിലെ ബാലകൃഷ്ണന്റെയും ഗിരിജയുടെയും മകളാണ് മരിച്ച പ്രമീള. സഹോദരങ്ങള്‍: ഭാസ്കര, സൗമ്യ.