കാസര്‍ഗോഡ്: യുവതിയെ കൊലപ്പെടുത്തി ചന്ദ്രഗിരിപ്പുഴയില്‍ കെട്ടിത്താഴ്ത്തിയതായി പറയപ്പെടുന്ന സംഭവത്തിൽ ഭര്‍ത്താവിന്റെ മൊഴികളിൽ വൈരുധ്യം. തെക്കില്‍ പാലത്തിനു സമീപം പുഴയില്‍ പോലീസും ഫയര്‍ഫോഴ്സും മുങ്ങൽ വിദഗ്ദ്ധരും വിശദമായ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കെട്ടിത്താഴ്ത്തിയതിന്റെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാരോപിച്ച് പ്രമീള വീട്ടിൽ ബഹളം വെച്ചതായും തുടർന്നുണ്ടായ കൈയാങ്കളിക്കിടയിൽ തലയിടിച്ച് നിലത്തുവീണതായുമാണ് സിൽജോ പോലീസിനോട് പറഞ്ഞത്. ഏറെ നേരം കഴിഞ്ഞിട്ടും അനക്കമില്ലെന്നു കണ്ടതോടെയാണ് ചാക്കിൽ കെട്ടി സ്വന്തം ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്.
വിദ്യാനഗർ പന്നിപ്പാറയിലെ വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിച്ചിരുന്നത്. ഓട്ടോയിൽ മൃതദേഹവുമായി നായന്മാർമൂലയിൽ എത്തിയപ്പോൾ പോലീസിനെ കണ്ട് ഭയന്ന് പെരുന്പള റോഡിലേക്ക് തിരിഞ്ഞു. ജഡം പുഴയിലേക്ക് തള്ളാനായി പെരുന്പള പാലത്തിലെത്തിയപ്പോൾ അവിടെ ഒരുപാട് വാഹനങ്ങളും ആളുകളും ഉണ്ടായിരുന്നതുകൊണ്ട് പിൻതിരിഞ്ഞു. പിന്നീട് വീണ്ടും തെക്കിലിലേക്ക് പോയി ദേശീയപാതയിലെ തെക്കിൽ പാലത്തിൽനിന്നാണ് മൃതദേഹം പുഴയിലേക്ക് തള്ളിയതെന്നാണ് സിൽജോയുടെ മൊഴി.
എന്നാൽ ഉൾപ്രദേശമായ പെരുന്പളയിൽ ആൾത്തിരക്കുണ്ടായിരുന്നതായും നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയുടെ ഭാഗമായ തെക്കിലിൽ ആരും കാണാതെ വാഹനം നിർത്തി മൃതദേഹം പുറത്തെടുത്ത് കല്ലുകെട്ടിവച്ച് പുഴയിൽ തള്ളാൻ മാത്രം സമയം കിട്ടിയതായും പറയുന്നതിലാണ് പോലീസിന് സംശയം ജനിക്കുന്നത്.
കൊല്ലം ജില്ല കുണ്ടറ സ്വദേശിനിയും കാസര്‍ഗോഡ് വിദ്യാനഗറില്‍ താമസിക്കുന്ന സില്‍ജോയുടെ ഭാര്യയുമായ പ്രമീള(30)യെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19 മുതലാണ് കാണാതായത്. ഭാര്യയെ കാണാനില്ലെന്നു കാണിച്ച് 20 ന് രാവിലെ സില്‍ജോ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സില്‍ജോയുടെ മൊഴികളിലെ വൈരുധ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. വീണ്ടും വിശദമായി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഭാര്യയെ താന്‍ തന്നെ കൊലപ്പെടുത്തിയതായും മൃതദേഹം തെക്കില്‍ പാലത്തിനു സമീപം ചന്ദ്രഗിരിപ്പുഴയില്‍ കെട്ടിത്താഴ്ത്തിയതായും സില്‍ജോ മൊഴി നല്‍കിയത്.
ആലക്കോട് മണക്കടവ് സ്വദേശിയായ സിൽജോയും കൊല്ലം സ്വദേശിനിയായ പ്രമീളയും നേരത്തേ എറണാകുളത്ത് ജോലിചെയ്തിരുന്ന സമയത്താണ് പരിചയപ്പെട്ടത്. സിൽജോ സോപ്പ് നിർമാണ കന്പനിയിലും പ്രമീള ഫാൻസി ഷോപ്പിൽ സെയിൽസ് ഗേളായും ജോലിചെയ്യുകയായിരുന്നു.
പരിചയം പ്രണയമായതോടെ ഇരുവരും ഒരുമിച്ച് കാസർഗോഡേക്ക് മാറുകയും പിന്നീട് രജിസ്റ്റർ വിവാഹം കഴിക്കുകയുമായിരുന്നു. സിൽജോ ഓട്ടോ ഡ്രൈവറായും പ്രമീള ജില്ലാ സപ്ലൈ ഓഫീസിൽ താല്‍ക്കാലിക സ്വീപ്പറായും ജോലിചെയ്തുവരികയായിരുന്നു. രണ്ടു മക്കളുമുണ്ട്.