റാന്നി: പ്രമോദ് നാരായണനെ റാന്നി ഏറ്റെടുത്തു കഴിഞ്ഞുവെന്നതിൽ ഭാര്യ ജ്യോതിക്കു സംശയമില്ല.
ഭർത്താവ് എൽഡിഎഫ് സ്ഥാനാർഥിയായതിനു പിന്നാലെ മക്കളുമായി ജ്യോതി ബാലകൃഷ്ണനും റാന്നിയിലേക്കു പോന്നു. റാന്നിയിൽ സ്ഥിരതാമസമാക്കാനാണ് പ്രമോദിന്റെ തീരുമാനം.
ഇപ്പോൾ റാന്നിയിലെ വാടകവീട്ടിലാണ് താമസം. ഇതിനു കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് ജ്യോതി പറഞ്ഞു. കുടശനാടാണ് ഇവരുടെ സ്വദേശം.
ചെറുപ്രായത്തിലേ സജീവരാഷ്ട്രീയത്തിലും പൊതുരംഗത്തുമെത്തിയ പ്രമോദ് നാരായണ്‍ നിയമസഭയിലേക്ക് കന്നി അങ്കം കുറിക്കുകയാണെങ്കിലും ഇതിനോടകം റാന്നിയിലെ ജനങ്ങളുടെ സ്നേഹവും വിശ്വാസവും ആർജിച്ചു കഴിഞ്ഞതായി ജ്യോതി പറയുന്നു.
21 -ാം വയസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ പ്രമോദ് നാരായണ്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത് ജ്യോതിയുടെയും അഭിമാനമാണ്.
ഭരണിക്കാവ് ബ്ലോക്കിലെ പ്രസിഡന്റായിരിക്കവേയായിരുന്നു വിവാഹം. രാഷ്ട്രീയത്തിൽ തിരക്കുള്ളപ്പോഴും നല്ല ഒരു കുടുംബനാഥനാണ് പ്രമോദെന്ന് ജ്യോതി പറയുന്നു.
തീർത്തും സാധാരണ കുടുംബത്തിൽ നിന്നായിരുന്നു ജ്യോതിയുടെ വരവ്. പ്രമോദിന്േറത് രാഷ്ട്രീയാന്തരീക്ഷമുള്ള കുടുംബവും. ഈ മാറ്റം വലിയ വെല്ലുവിളിയായിരുന്നുവെന്ന് ജ്യോതി പറയുന്നു.
ആദ്യമൊക്കെ ഉൾക്കൊള്ളാൻ നന്നേ പാടുപെട്ടു. അദ്ദേഹത്തിന്റെ കൂടെ പുറത്തേക്ക് പോകുന്പോഴാണ് നാടിന്റെ സ്നേഹം മനസിലാക്കുന്നത്.
നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി അദ്ദേഹം മുന്പിലുണ്ടാകും. അവർ പറഞ്ഞാണ് അദ്ദേഹം ചെയ്യുന്ന ഓരോ കാര്യങ്ങളും അറിയുന്നത്. അത് വലിയ സന്തോഷം നൽകിയിരുന്നു.
ആ ഇടപെടലുകൾ ജനജീവിതത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ പൂർണ പിന്തുണ നൽകി. നിയമസഭ തെരഞ്ഞെടുപ്പിലും അതേനയമാണ് പുലർത്തുന്നത്.
നടപ്പാക്കാൻ കഴിയുന്ന കാഴ്ചപ്പാടുകൾ മാത്രമേ അദ്ദേഹത്തിനുള്ളൂ. അതു വിശാലവുമാണ്. റാന്നിയുടെ പല ഭാഗങ്ങളിൽ ഇതിനോടകം ജ്യോതി എത്തിക്കഴിഞ്ഞു.
കുടുംബയോഗങ്ങളിലും വനിതാ സംഗമങ്ങളിലും പങ്കെടുത്തു. റാന്നി പെരുന്പുഴയിൽ മക്കളോടൊപ്പം വോട്ടഭ്യർഥന നടത്തിയായിരുന്നു തുടക്കം.
പത്താംക്ലാസുകാരൻ പ്രണവും മൂന്നാം ക്ലാസുകാരി പ്രാർത്ഥനയുമാണ് മക്കൾ.തന്റെ മുത്തശിയുടെ വീട് വടശേരിക്കര ചെറുകുളഞ്ഞിയിലാണെന്ന് ജ്യോതി പറഞ്ഞു. നൂറുശതമാനം വിജയപ്രതീക്ഷയിലാണ് ജ്യോതിയും മക്കളും.