റാന്നി: റാന്നിയിലെ വോട്ടെണ്ണല്‍ തുടക്കംമുതല്‍ ഉദ്വേഗ നിമിഷങ്ങളായിരുന്നു. കേരളത്തില്‍ തന്നെ അവസാനഫലം വന്ന നിയോജകമണ്ഡലമായി റാന്നി. നേരിയ ലീഡ്നില മാറിമാറിവന്നതും അവസാനം വോട്ടിംഗ് യന്ത്രത്തിന്റെ പണിമുടക്കും വിവിപാറ്റ് എണ്ണി അവസാനഫലം പ്രഖ്യാപിക്കാനുള്ള തീരുമാനവുമെല്ലാം കൂടി വോട്ടെണ്ണലിനെ അവസാനംവരെയും ഉദ്വേഗഭരിതമാക്കി.
തർക്കം, തകരാറ്
വിജയം പ്രതീക്ഷിച്ച് വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയ യുഡിഎഫ് നേതാക്കളെ ഞെട്ടിച്ച് ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രമോദ് നാരായണ്‍ 751 വോട്ട് ലീഡ് ചെയ്തു. കോട്ടാങ്ങല്‍, വെച്ചൂച്ചിറ തുടങ്ങി യുഡിഎഫ് പ്രതീക്ഷ പുലര്‍ത്തിയ മേഖലയില്‍ പോലും വോട്ടുകളില്‍ കുറവ്.
രണ്ട് മുതല്‍ നാലുവരെ റൗണ്ടുകളിലും ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് പ്രമോദ് ലീഡ് നിലനിര്‍ത്തി. പിന്നീട് ചെറിയ വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന് ലീഡിലേക്കു വന്നു. രണ്ടുപേരും മാറിയും തിരിഞ്ഞും ലീഡ് കൈവരിച്ചുവെങ്കിലും 1500നുമുകളിലേക്ക് ഇത് ഉയര്‍ന്നില്ല. അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ ലീഡ് നില 100ല്‍ താഴെ വോട്ടുകളിലെത്തി.
ഇതിനിടെ ഒമ്പത് വോട്ടിംഗ് യന്ത്രങ്ങള്‍ വിവിധ കാരണങ്ങളാല്‍ മാറ്റിവച്ചത് അവസാനമാണ് എണ്ണിയത്. ഇതും തര്‍ക്കത്തിനിടയാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രമോദ് നാരായണ്‍ ലീഡ് ചെയ്യുന്ന ഘട്ടത്തിലാണ് മാറ്റിവച്ച വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണാന്‍ തീരുമാനിച്ചത്. പൂര്‍ണമായി തകരാറിലായ ഒരു യന്ത്രത്തിന്റെ വിവിപാറ്റ് എണ്ണി ഫലം പ്രഖ്യാപിക്കാനും തീരുമാനിച്ചു.
രാഷ്ട്രീയ കക്ഷി ഏജന്റുമാരുമായി വരണാധികാരി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ രാത്രി 8.15 ഓടെയാണ് ഇവ എണ്ണിയത്. അവയിലെ വോട്ടുകളും തപാല്‍ വോട്ടുകളും ചേര്‍ത്ത് അവസാനം പ്രമോദ് നാരായണ്‍ 1285 വോട്ടുകള്‍ക്ക് മുന്നിലെത്തി.
ഔദ്യോഗിക ഫലപ്രഖ്യാപനം വരാന്‍ പിന്നെയും വൈകി.2016ല്‍ രാജു ഏബ്രഹാം നേടിയ 58749 വോട്ടുകള്‍ക്കൊപ്പമെത്താന്‍ പ്രമോദിനു കഴിഞ്ഞില്ലെങ്കിലും 52669 വോട്ടുകള്‍ അദ്ദേഹം നേടി. 2016ല്‍ മത്സരിച്ച മാതാവ് മറിയാമ്മ ചെറിയാന് നേടിയ 44153 ല്‍ നിന്ന് 51384 ലേക്ക റിങ്കു വോട്ട് ഉയര്‍ത്തുകയും ചെയ്തു.
ബിഡിജെഎസ് സ്ഥാനാര്‍ഥി കെ. പത്മകുമാറിന് 2016ലെ വോട്ടുകള്‍ നിലനിര്‍ത്താനായില്ല. 2016ല്‍ പത്മകുമാര്‍ തന്നെ 28201 വോട്ടുകള്‍ റാന്നിയില്‍ നേടിയിരുന്നു. ഇത്തവണ 19587 വോട്ടിലേക്ക് ചുരുങ്ങി.ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ തുടര്‍ച്ചയായ ആറാം ജയമാണ് എല്‍ഡിഎഫ് നേടിയത്.
യുവതി പ്രവേശനവിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിയോജകമണ്ഡലം ഒപ്പം നിര്ത്തനായതും എല്‍ഡിഎഫിനു നേട്ടമായി. പുറംനാട്ടുകാരനായി എത്തി റാന്നിക്കാരനായി മാറി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിജയചരിത്രം എഴുതിയ പ്രമോദ് നാരായണ്‍ പതിവുപോലെ ഇത്തവണയും അത്ഭുതങ്ങള്‍ തന്നെ നടത്തി.
എസ്എസ്എല്‍സി, ബിരുദ, നിയമ പരീക്ഷകളിലെല്ലാം ഉന്നതവിജയവും റാങ്ക് ജേതാവുമൊക്കെയായ പ്രമോദ് 22 വയസുള്ളപ്പോള്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തില്‍ സിപിഎം പ്രതിനിധിയായി പ്രസിഡന്റ് സ്ഥാനത്തെത്തിയതാണ്.കുറഞ്ഞകാല രാഷ്ട്രീയ ജീവിതത്തിനിടെ പാര്‍ട്ടികള്‍ മാറി കേരള കോണ്‍ഗ്രസിലെത്തിയപ്പോള്‍ ജോസ് കെ. മാണിയുടെ വിശ്വസ്തനായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല.
റാന്നിയില്‍ പാര്‍ട്ടിക്കു സീറ്റ് നല്കിയപ്പോള് മത്സരിക്കാന്‍ മോഹിച്ച നിരവധി പാര്‍ട്ടി നേതാക്കളെ മാറ്റിനിര്‍ത്തി പ്രമോദ് നാരായണനെ റാന്നിയിലേക്ക് അയയ്ക്കാന്‍ ജോസ് കെ. മാണി തീരുമാനിക്കുകയായിരുന്നു.