ചാരുംമൂട്: വൈകല്യങ്ങൾ മറികടന്ന് ദേശീയ പാരാലിന്പിക് പവർലിഫ്റ്റിങ്ങിൽ കേരളത്തിനു വേണ്ടി വെള്ളി മെഡൽ നേടിയ പ്രമോദ് നാടിന് അഭിമാനമാകുന്നു.നാഗപ്പൂരിൽ നടന്ന 17-ാം ദേശീയ പാരാലിന്പിക് പവർലിഫ്റ്റിങ്ങിൽ 107 കിലോ മുകളിലുള്ളവരുടെ വിഭാഗത്തിൽ 142 കിലോ ഭാരം ഉയർത്തി വെള്ളി മെഡൽ നേടിയാണ് താമരക്കുളം ചത്തിയറ പ്രമോദ് ഭവനത്തിൽ പ്രഹ്ളാദൻ ,റഷീദ ദന്പതികളുടെ മകൻ പ്രമോദ് നാടിന് അഭിമാനമായത്.
വർഷങ്ങൾക്കു മുന്പുണ്ടായ അപകടത്തെത്തുടർന്ന് പ്രമോദിന് ഒരുകാലിന് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഹയർ സെക്കൻഡറി വരെ പഠിച്ച പ്രമോദിനെ കരിമുളക്കൽ മിഷൻ ഫിറ്റ്നസ് സെൻറർ ഉടമ സാഗർ ഗോപാലകൃഷ്ണനാണ് പാരാ പവർലിഫ്റ്റിങ് രംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. അത് വിജയത്തിലേക്കുള്ള കുതിപ്പായി. കഴിഞ്ഞ തവണ ഡൽഹിയിൽ നടന്ന മത്സരത്തിൽ വെങ്കല മെഡൽ നേടുകയും ചെയ്തു.
ജപ്തി ഭീഷണി നേരിടുന്ന വീടിന്റെ ഏക ആശ്രയമായ പ്രമോദിന് പരിശീലനത്തിന് ആരും സഹായത്തിനില്ലാത്തതിനാൽ നീണ്ട ഇടവേള എടുക്കേണ്ടി വന്നിരുന്നു. ഒടുവിൽ സന്മനസുള്ളവരുടെ സഹായത്തോടെ തിരിച്ചെത്തിയ പ്രമോദ് ഒരു മാസത്തോളം നീണ്ട കഠിന പരിശീലനം കൊണ്ട് നേടിയ ഈ വെളളി മെഡലിന് സ്വർണത്തോളം തിളക്കമുണ്ട്.അടുത്ത വർഷം ജപ്പാനിൽ നടക്കുന്ന പാരാലിന്പിക്സിൽ പങ്കെടുക്കണമെന്നാണ് പ്രമോദിന്റെ ആഗ്രഹം.
അതിന് യോഗ്യത നേടാനുള്ള കഴിവ് പ്രമോദിന് ഉണ്ടെന്ന് പരിശീലകൻ സാഗർ പറയുന്നു. പവർലിഫ്റ്റിങ് പരിശീലന ഉപകരണങ്ങൾക്കും, പരിശീലന കാലത്തെ ഭക്ഷണത്തിനും മറ്റുമായി അഞ്ച് ലക്ഷത്തോളം രൂപ ചെലവാകും. ഈ തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് പ്രമോദ്.
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ പാരാലിന്പിക് മത്സരങ്ങളിലെ വിജയികൾക്ക് അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികം കൊടുക്കാറുണ്ട്. എന്നാൽ കേരളത്തിൽ മത്സരത്തിനുള്ള എല്ലാ ചെലവുകളും പങ്കെടുക്കുന്നവർ കണ്ടെത്തണം. ഇത് മത്സര രംഗത്തെത്തി വിജയം നേടുന്നവരെ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്. പ്രമോദിന്റെ ചെറുതല്ലാത്ത ഈ വലിയ നേട്ടം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനും തുടർ പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്യാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.