320 മുറികളുള്ള വീട്ടില്‍ നിന്ന് പ്രണാബ് ഇറങ്ങാനൊരുങ്ങുന്നു! പുതിയ വീട്ടിലെ താമസസൗകര്യങ്ങള്‍ ഇതൊക്കെ!

mahesh-kalam-home-759
സ്ഥാനമൊഴിയാന്‍ പോകുന്ന ഇന്ത്യയുടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് പുതിയ താമസസ്ഥലം കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം താമസിച്ചിരുന്ന 10 രാജാജി മാര്‍ഗ്ഗിലെ ഡ്യൂപ്ലക്‌സ് ബംഗ്ലാവ് ആണ് പ്രണാബിനായി കണ്ടെത്തിയിരിക്കുന്നത്. ജൂലൈയിലാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നത്. അതിന് മുന്നോടിയായി ഡ്യൂപ്ലക്‌സ് ബംഗ്ലാവ് സജ്ജമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

വിനോദസഞ്ചാര വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മയാണ് ഇപ്പോള്‍ ഇവിടെ കഴിയുന്നത്. അദ്ദേഹത്തിനോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. വീട് ഒഴിഞ്ഞ് നല്‍കാന്‍ സമ്മതമാണെന്ന് മഹേഷ് ശര്‍മ്മയും വ്യക്തമാക്കിയിട്ടുണ്ട്. 11,776 സ്‌ക്വയര്‍ഫീറ്റ് വരുന്ന ഒറ്റനില വീടാണ് ഡ്യൂപ്ലക്‌സ്. വിശാലമായ ലൈബ്രറി സൗകര്യവും ഇവിടെ ഉണ്ട്. വായിക്കാനും എഴുതാനുമുള്ള സൗകര്യം പുതിയ വീട്ടില്‍ ഉണ്ടാകണമെന്ന് പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്. 2015ല്‍ മരിക്കുന്നത് വരെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം താമസിച്ചിരുന്ന വീടാണ് ഡ്യൂപ്ലക്‌സ് ബംഗ്ലാവ്.

ഇവിടെ കലാമിന്റെ സ്മാരകമായി നിലനിര്‍ത്തണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. കലാമിന്റെ സ്വകാര്യ പുസ്തക ശേഖരവും എഴുത്ത് പ്രതികളും ഉള്‍പ്പെടുത്തി പുതിയ തലമുറയ്ക്ക് ഉപകാരപ്പെടുത്ത തരത്തില്‍ മ്യൂസിയം പണിയാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ കേന്ദ്രം ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയുന്ന വ്യക്തികള്‍ക്ക് തുടര്‍ന്ന് സൗജന്യ താമസത്തിനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കും. ഇന്ത്യയില്‍ എവിടെ വേണമെങ്കിലും അവര്‍ക്ക് താമസ സൗകര്യം ഒരുക്കും. പെന്‍ഷന് പുറമെ വീടിന്റെ വെള്ളക്കരവും, വൈദ്യുതി ബില്ലും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.

Related posts