ന്യൂഡൽഹി: കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയേയും മൻമോഹൻ സിംഗിനെയും കുറ്റപ്പെടുത്തി അന്തരിച്ച മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ ഓർമപ്പുസ്തകം.
2014 ലെ കോൺഗ്രസ് പരാജയത്തിനു സോണിയ ഗാന്ധിയും മൻമോഹൻ സിംഗും കാരണക്കാരായി എന്നാണ് പ്രണബ് മുഖർജി കുറ്റപ്പെടുത്തുന്നത്.
താൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ പാർട്ടി പരാജയപ്പെടില്ലെന്ന് കോൺഗ്രസിലെ ചില നേതാക്കൾ വിശ്വസിച്ചിരുന്നതായും പ്രണബ് പുസ്തകത്തിൽ പറയുന്നു. പ്രണബിന്റെ ഓർമകളുടെ പുസ്തകത്തിന്റെ അവസാന വാല്യത്തിലാണ് വിവാദ പരാമർശങ്ങളുള്ളത്.
കോൺഗ്രസിലെ ചിലർ വിശ്വസിച്ചിരുന്നത് 2004 ൽ താൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ 2014 ലെ പരാജയം ഉണ്ടാവില്ലെന്നായിരുന്നു. ഈ നിരീക്ഷണത്തോട് താൻ യോജിക്കുന്നില്ല. എന്നാൽ താൻ പ്രസിഡന്റ് ആയതോടെ പാർട്ടിക്ക് രാഷ്ട്രീയ കാഴ്ചപ്പാട് നഷ്ടപ്പെട്ടെന്നും പ്രണബ് പുസ്തകത്തിൽ പറയുന്നു.
പാർട്ടിയെ കൈകാര്യം ചെയ്യാൻ സോണിയ ഗാന്ധിക്ക് കഴിഞ്ഞില്ല. പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടർച്ചയായി പാർലമെന്റിൽ എത്താതിരുന്നതോടെ എംപിമാരുമായുള്ള വ്യക്തിപരമായ ബന്ധം നഷ്ടപ്പെട്ടെന്നും പ്രണബ് കുറ്റപ്പെടുത്തുന്നു. ദി പ്രസിഡന്‍ഷ്യൽ ഇയേർസ് എന്ന പുസ്തകം ജനുവരിയിൽ പുറത്തിറങ്ങും.