ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ (84) ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ സൈനിക റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.
പ്രണാബിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും വെന്റിലേറ്ററിൽ തന്നെ തുടരുകയാണെന്നും സൈനിക ആശുപത്രി വ്യാഴാഴ്ച രാവിലെ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
വെന്റിലേറ്റർ സഹായത്തോടെ തുടരുന്ന പ്രണാബിന്റെ രക്തചംക്രമണം അടക്കമുള്ളവയിൽ സ്ഥിരതയുണ്ടെന്നു ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നു.
പ്രണാബിന്റെ ധമനികളിലെയും ഹൃദയത്തിലെയും രക്തയോട്ടം അടക്കമുള്ള കാര്യങ്ങളിൽ (ഹീമോഡൈനാമിക്കലി) യന്ത്രസഹായത്താൽ സ്ഥിരതയുണ്ടെന്നു സൈനിക ആശുപത്രി ബുധനാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
മസ്തിഷ്കത്തിൽ രക്തം കട്ട പിടിച്ചതിനെ തുടർന്നു തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രണാബ് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോവിഡിനേക്കാളേറെ തലച്ചോറിലെ രക്തസ്രാവവും തുടർന്നുള്ള ശസ്ത്രക്രിയയുമാണ് ആരോഗ്യനില വഷളാക്കിയത്.