ന്യൂഡൽഹി: ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയത് ആസൂത്രണ സന്പദ് വ്യവസ്ഥയിൽ ഉറച്ചു വിശ്വസിച്ചിരുന്ന അതിന്റെ സ്ഥാപകരാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. കോണ്‍ഗ്രസിന്റെ കഴിഞ്ഞ 55 വർഷത്തെ ഭരണത്തെ വിമർശിക്കുന്നവർ നമ്മൾ സ്വാതന്ത്ര്യം നേടിയ ഇടത്തുനിന്ന് ഇന്ത്യ എത്ര ദൂരം എത്തിയെന്നത് അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
55 വർഷത്തെ കോണ്‍ഗ്രസ് ഭരണത്തെ വിമർശിക്കുന്നവർ ഇന്ത്യ സ്വാതന്ത്ര്യത്തിലായിരുന്നിടത്തു നിന്ന് എത്ര ദൂരം എത്തിയെന്നത് അവഗണിക്കുകയാണ്. മറ്റുള്ളവരും ഇന്ത്യയുടെ വളർച്ചയ്ക്കു സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ ആസൂത്രണ സന്പദ്വ്യവസ്ഥയിൽ ഉറച്ചു വിശ്വസിച്ചിരുന്ന അതിന്റെ സ്ഥാപകരാണ് ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയത്. ആസൂത്രണ കമ്മീഷനെ പിരിച്ചുവിട്ടതോടെ ഇന്ന് അത് എതിർക്കപ്പെടുകയാണെന്നും പ്രണബ് മുഖർജി പറഞ്ഞു.
കോണ്‍ഗ്രസിന്റെ 50-55 വർഷത്തെ ഭരണത്തെ വിമർശിക്കുന്നവർ തങ്ങൾ എവിടെനിന്നാണ് തുടങ്ങിയതെന്നും ഞങ്ങൾ എവിടെയാണ് നിർത്തിയതെന്നും മറക്കുന്നു. ഏതാണ്ട് പൂജ്യത്തിൽനിന്ന് തങ്ങൾ സൃഷ്ടിച്ച 1.8 ട്രില്യണ്‍ ഡോളറിന്റെ അടിത്തറയിൽനിന്നു മാത്രമെ 5 ട്രില്യണ്‍ ഡോളറിന്റെ സന്പദ് വ്യവസ്ഥ നിർമിക്കാൻ കഴിയു.
ബജറ്റ് അവതരിപ്പിക്കുന്പോൾ ധനമന്ത്രി പറഞ്ഞു, 2024 ൽ ഇന്ത്യയുടെ സന്പദ് വ്യവസ്ഥ 5 ട്രില്യണ്‍ യുഎസ് ഡോളറിൽ എത്തുമെന്ന്. ഇത് സ്വർഗത്തിൽനിന്നും വരുന്നതല്ല. ഇവിടെ ശക്തമായ ഒരു അടിത്തറയുണ്ട്. അത് ബ്രിട്ടീഷുകാർ നിർമിച്ചതല്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യക്കാർ നിർമിച്ചതാണത്. ജവഹർലാൽ നെഹ്റുവും മറ്റുള്ളവരും ഐഐടികളും ഐഎസ്ആർഒയും എയിംസും ബാങ്കിംഗ് ശൃംഖലകളും സ്ഥാപിച്ചതിനാലാണ് ഇന്ത്യക്ക് കുതിച്ചുചാട്ടം സാധ്യമായത്.
മൻമോഹൻ സിംഗും നരസിംഹ റാവുവും ഉദാരവത്കരണം നടപ്പിലാക്കിയതോടെ ഇന്ത്യയുടെ സന്പദ് വ്യവസ്ഥയുടെ സാധ്യതകൾ അഴിച്ചുവിടപ്പെട്ടു. ഇന്ത്യയുടെ സന്പദ് വ്യവസ്ഥയെ 5 ട്രില്യണ്‍ ഡോളറിൽ എത്തിക്കുമെന്ന ധനകാര്യമന്ത്രിയുടെ അവകാശവാദത്തിന്റെ അടിത്തറ ഇതാണെന്നും അദ്ദേഹം പറഞ്ഞു.