തിരുവനന്തപുരം: ലോകത്തുതന്നെ മികച്ച ബാസ്കറ്റ്ബോൾ പരിശീലനം നല്കുന്ന എൻബിഎ അക്കാഡമിയിലേക്ക് മലയാളി വിദ്യാർഥി പ്രണവ് പ്രിൻസ് തെരഞ്ഞെടുക്കപ്പെട്ടു. എൻബിഎ നോയിഡയിൽ സ്ഥാപിച്ചിട്ടുള്ള അക്കാദമിയിലേക്കാണ് തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയായ പ്രണവ് ഇടം നേടിയത്.
പ്രണവ് ഉൾപ്പെടെ എട്ടു പേരെയാണ് ഇക്കുറി രാജ്യത്തുനിന്നും എൻബിഎ അക്കാഡമിയിലേക്ക് തെരഞ്ഞെടുത്തത്. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ സെലക്ഷൻ ട്രെയലിനൊടുവിൽ 50 താരങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്തു.
ഇവരിൽ പ്രണവ് ഉൾപ്പെടെ മൂന്നു മലയാളി താരങ്ങൾ ഉണ്ടായിരുന്നു. ജോർദാൻ ചെറിയാൻ ഈപ്പൻ, ഡോണൽ ജോർജ് എന്നീ മലയാളി താരങ്ങളും 50 അംഗ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ഈ 50 പേരിൽ നിന്നാണ് എട്ടംഗ സംഘത്തെ സ്കോളർഷിപ്പിനായി ഒടുവിൽ നാമനിർദേശം ചെയ്തത്. രണ്ടു ദിവസം നീണ്ടുനിന്ന ക്യാന്പ് സംഘടിപ്പിച്ചാണ് അന്തിമ സംഘത്തെ കണ്ടെത്തിയത്.
തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ ബാസ്കറ്റ്ബോൾ പരിശീലനം നടത്തുന്ന പ്രണവ് അണ്ടർ 13 നാഷ്ണൽ കേരള ടീം ക്യാപ്റ്റൻ, അണ്ടർ 17 സ്കൂൾ നാഷണൽ ടീം അംഗം, അണ്ടർ 18 തിരുവനന്തപുരം ജില്ലാ ടീം അംഗവുമായി.
14 വയസുകാരനായ പ്രണവ് മികച്ച പരിശീലനവും അർപ്പണ ബോധവുമുള്ള കായിക താരമാമെന്നു പരിശീലകനും ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകനുമായ മനോജ് സേവ്യർ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് 17 വയസുവരെ പരിശീലനവും മുഴുവൻ വിദ്യാഭ്യാസ ചെലവുകളും എൻബിഎ അക്കാഡമിയുടേതായിരിക്കും.