മമ്മൂട്ടിയുടെ കരിയറിലെ സൂപ്പർചിത്രങ്ങളിലൊന്നായ ബിഗ്ബിയുടെ രണ്ടാം ഭാഗത്തിൽ മമ്മൂട്ടിയോടൊപ്പം പ്രണവ് മോഹൻലാൽ അഭിനയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. അമൽനീരദ് സംവിധാനം ചെയ്യുന്ന ബിലാൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം മമ്മൂട്ടിയുടെ മകനും യുവനടനുമായ ദുൽഖർ സൽമാൻ എത്തുമെന്നായിരുന്നു മുന്പ് പറഞ്ഞുകേട്ടിരുന്നത്. എന്നാലിപ്പോൾ പ്രണവ് ആ സ്ഥാനത്തേക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവ് അഭിനയരംഗത്തേക്ക് നായകനടനായി കടന്നുവരാനുള്ള തയാറെടുപ്പിലാണ്. മുന്പ് ബാലതാരമായി അഭിനയിച്ചിട്ടുള്ള പ്രണവിന്റെ ആദിയിലെ അഭിനയം സൂപ്പറാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ഒന്നാമൻ എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു പ്രണവിന്റെ അരങ്ങേറ്റം. എന്നാൽ ആദ്യമായി മോഹൻലാലിനേയും പ്രണവിനേയും ഒരുമിച്ച് കാമറയ്ക്ക് മുന്നിലെത്തിച്ചത് അമൽ നീരദ് ആയിരുന്നു. സാഗർ ഏലിയാസ് ജാക്കി ആയിരുന്നു ആ ചിത്രം. അതുപോലെ പ്രണവിനെ മമ്മൂട്ടിക്കൊപ്പം ഒരു സ്ക്രീനിൽ എത്തിക്കാനുള്ള ഭാഗ്യം അമൽ നീരദിന് ലഭിക്കുമോ എന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പ്രണവ് മോഹൻലാൽ തനിക്ക് ദുൽഖറിനെപ്പോലെയാണെന്ന് മമ്മൂട്ടി ഒരിക്കൽ പറഞ്ഞിരുന്നു. പ്രണവിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു.