പ്രണവ് മോഹൻലാൽ തന്നെ അദ്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെ നാച്യുറൽ ആയ ഒരാളാണ് അപ്പുച്ചേട്ടൻ. അപ്പുച്ചേട്ടന് കിട്ടിയിരിക്കുന്നത് അദ്ദേഹത്തിന്റെ അച്ഛന്റെ ജീൻ തന്നെയാണ്. ഡയലോഗുകളും വരികളുമൊക്കെ ഓർത്തുവയ്ക്കാനുള്ള അപ്പുച്ചേട്ടന്റെ കഴിവ് അദ്ഭുതപ്പെടുത്തുന്നതാണ് എന്നാണ് കല്യാണി വ്യക്തമാക്കിയത്.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ, അറബിക്കടലിന്റെ സിംഹത്തിൽ കല്യാണിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അച്ഛന്റെ സംവിധാനത്തിൽ അഭിനയിക്കുന്നത് സമ്മർദ്ദവും ടെൻഷനുമുണ്ടാക്കുന്ന കാര്യമാണെന്നാണ് കല്യാണി പറയുന്നത്.
ചെറുപ്പം മുതലേ സുഹൃത്തുക്കളാണ് പ്രണവും കല്യാണിയും. പ്രണവിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് നേരത്തെ കല്യാണി പറയുകയും ചെയ്തിരുന്നു. ആ ആഗ്രഹം സാഫല്യമാകുകയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ.
തെലുങ്ക് സിനിമ ഹലോയിൽ നാഗാർജുനയുടെ മകൻ അഖിലിനൊപ്പമായിരുന്നു കല്ല്യാണിയുടെ അരങ്ങേറ്റം. പ്രിയദർശൻ- ലിസി ദന്പതികളുടെ മകൾ കല്യാണി പ്രിയദർശൻ തെന്നിന്ത്യയിൽ സ്വന്തമായി ഇരിപ്പിടം ഉണ്ടാക്കുന്ന തിരക്കിലാണ് ഇപ്പോൾ.