താരരാജാവ് മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ മലയാളസിനിമയില്‍ ഇപ്പോള്‍ സജീവമാണ്. ബാലതാരമായി സംസ്ഥാന അവാര്‍ഡ് നേടിയ പ്രണവ് ഇന്ന് നായകനും സഹസംവിധായകനുമൊക്കെയാണ്.
സംവിധായകന് ജീത്തു ജോസഫിന്റെ സഹായികൂടിയായ പ്രണവ് ആദി എന്ന സിനിമയിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി തകര്‍പ്പന്‍ വിജയം നേടിയിരുന്നു. പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള 2002ലെ സംസ്ഥാന അവാര്‍ഡ് പ്രണവ് നേടിയത്.
പിന്നീട് സിനിമയില്‍ നിന്ന് ദീര്‍ഘമായ ഇടവേളയെടുത്ത താരം ആദിയിലൂടെയാണ് തിരിച്ചെത്തുന്നത്. ഇപ്പോഴിതാ തന്റെ മക്കളുടെ ഇഷ്ടങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ പറയുന്ന വാക്കുകളാണ് വൈറലാകുന്നത്.
മക്കള്‍ക്ക് അവരുടേതായ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉണ്ടായിരിക്കുമെന്നും അതിനനുസരിച്ചാണ് അവര്‍ മുന്നോട്ട് പോകേണ്ടതെന്നുമാണ്മോഹന്ലാല് പറയുന്നത്. കൈരളി ചാനലിലെ ജെബി ജംഗ്ഷനില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍.
മകന് പ്രണവിന് ടീച്ചറാവാനാണ് ഇഷ്ടമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. പഠിപ്പിക്കാനാണ് ഇഷ്ടമെന്നാണ് അവന് പറഞ്ഞിട്ടുള്ളത്.
ഏഷ്യന്‍ രാജ്യങ്ങളിലെ ഇംഗ്ലീഷ് അറിയാത്ത ആളുകള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനാണ് താല്പര്യമെന്നാണ് പറഞ്ഞത്. ഏറ്റവും നല്ലൊരു കാര്യമാണല്ലോ.
അതാണ് അയാള്‍ക്ക് ഇഷ്ടമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. അല്ലാതെ ഞാന്‍ വിചാരിച്ചാല്‍ അയാള്‍ക്ക് ആക്ടറാവാനൊന്നും പറ്റില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മക്കളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെട്ടിട്ട് കാര്യമൊന്നുമില്ലെന്നും മക്കള്‍ സിനിമയിലേക്കെത്തണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
നമ്മുടെ ജീവിതത്തില്‍ തീരുമാനമെടുക്കുന്നത് നമ്മളാണ്. അതുപോലെ മക്കളുടെ ബുദ്ധിയില്‍ നിന്ന് അവരുടെ വഴി അവര്‍ കണ്ടുപിടിക്കുകയാണ് വേണ്ടത്.
തനിക്ക് മക്കളോട് അടുപ്പമുണ്ടെങ്കിലും അത് അകല്‍ച്ചയോട് കൂടിയ അടുപ്പമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സിനിമയിലേക്ക് വരുമ്പോള്‍ തന്റെ അച്ഛന് തന്നോട് പറഞ്ഞ ഒരേയൊരു കാര്യം ഡിഗ്രി കംപ്ലീറ്റ് ചെയ്യണമെന്ന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രണവ് പിന്നീട് സിനിമയിലേക്ക് വന്നത് അവന്റെ താല്പര്യം കൊണ്ട് തന്നെയാണെന്ന് മോഹന്‍ലാല്‍ മറ്റ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.