മഞ്ചേരി: പതിനേഴ് വർഷം മുമ്പ് കോട്ടക്കൽ കോഴിച്ചെന പൂക്കിപ്പറന്പിലുണ്ടായ ബസ് അപകടത്തെത്തുടർന്നു നിരവധി പേർ വെന്തുമരിക്കാനിടയാക്കിയ കേസിൽ ഡ്രൈവർക്ക് കീഴ് കോടതി വിധിച്ച ശിക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി ശരിവച്ചു.
ദുരന്തത്തിനിടയാക്കിയ പ്രണവം ബസ് ഡ്രൈവറും രാമനാട്ടുകര ഷീബാ നിലയത്തിൽ വായപ്പാട്ട് കൃഷ്ണദാസിന്റെ മകനുമായ സുധീർ എന്ന സുധീർകുമാറിന്റെ ശിക്ഷയാണ് ജില്ലാ സെഷൻസ് ജഡ്ജി സുരേഷ്കുമാർ പോൾ ശരിവച്ചത്. 2001 മാർച്ച് 11നാണ് നാടിനെ നടുക്കിയ ബസപകടം നടന്നത്. അശ്രദ്ധമായി അമിത വേഗതയിലോടിച്ച ബസിന്റെ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി റോഡിലുരഞ്ഞാണ് ഡീസൽ ടാങ്കിലേക്ക് തീ പടർന്നത്.
ഡീസലിൽ മണ്ണെണ്ണ ചേർത്തതായും കോടതി കണ്ടെത്തിയിരുന്നു. നിയന്ത്രണം വിട്ട ബസ് അംബാസഡർ കാറിലിടിച്ചു മറിഞ്ഞാണ് തീപ്പിടിച്ചത്. അപകടത്തിൽ 44 പേർ വെന്തുമരിച്ചു. 12 പേർക്കു പരിക്കേറ്റു. സംഭവത്തിൽ തിരൂർ അസിസ്റ്റന്റ് സെഷൻസ് കോടതി 2005 ആഗസ്റ്റ് 19ന് സുധീറിനെ നാലു വർഷം കഠിന തടവിനു ശിക്ഷിച്ചിരുന്നു.
ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഇന്നലെ ജില്ലാ ജഡ്ജിയുടെ വിധി. തിരൂർ കോടതിയുടെ വിധിയനുസരിച്ചുള്ള ശിക്ഷ മതിയായതല്ലെന്ന് കാണിച്ചു സർക്കാർ നൽകിയ 1586/2007 കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.