വൈപ്പിന്‍: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡില്‍ ചെറായി സ്വദേശിയായ പ്രണവ് (23) കൊലചെയ്യപ്പെട്ട കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു.
കുഴപ്പുള്ളി തുണ്ടിപ്പുറം മുല്ലപ്പറമ്പ് ഷിബുവിന്റെ മകന് ശരത് (19), എടവനക്കാട് ഇല്ലത്തുംപടി പാലക്കല്‍ ഗിരീഷിന്റെ മകന് ജിത്തൂസ് (19) എന്നിവരെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ ടീം ഇന്നലെ അറസ്റ്റ് ചെയ്തത്.
മറ്റൊരു പ്രതിയായ അയ്യമ്പിള്ളി കൈപ്പോന്‍ അംബ്രോസിന്റെ മകന് അമ്പാടി (19) യെ സംഭവം നടന്ന ചൊവ്വാഴ്ചതന്നെ പിടികൂടിയിരുന്നു. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം മൂന്നായി. ഇനി ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് പ്രണവിനെ ബീച്ച് റോഡില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് പള്ളത്താംകുളങ്ങര ബീച്ച് റോഡില്‍ എത്തിച്ച് തെളിവെടുപ്പു നടത്തി. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും വടികളും സമീപത്തെ ചെമ്മീന്കെട്ടില്നിന്നു കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രണവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു. അന്വേഷണസംഘത്തില്‍ മുനമ്പം പ്രിന്‍സിപ്പൽ എസ്ഐ എ.കെ. സുധീര്‍, എസ്ഐ വി.ബി. റഷീദ്, ഞാറക്കല്‍ എഎസ്ഐ ഷാഹിര്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രണവിനു പ്രണയം വിനയായി
പിടിയിലായ പ്രധാനപ്രതി ശരത്തിന്റെ കാമുകിയുടെ പിന്നാലെ നടന്നു പ്രണവ് ശല്യംചെയ്യാന്‍ തുടങ്ങിയതാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നു ചോദ്യം ചെയ്യലില്‍ പ്രതികള്‍ അറിയിച്ചതായി പോലീസ്.
കൊലയ്ക്കായി സംഘം സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി. ഇതിലൂടെ ചാറ്റ് ചെയ്ത് പ്രണവിനെ പുലര്‍ച്ചെ ബീച്ചില്‍ വിളിച്ചുവരുത്തിയാണ് കൃത്യം നടത്തിയത്.
രണ്ട് കൂട്ടുകാരുമൊരുമിച്ച് ബൈക്കിലാണ് പ്രണവ് സ്ഥലത്തെത്തിയത്. സുഹൃത്തുക്കളെ ബൈക്കുമായി ബീച്ചില്‍ നിര്‍ത്തിയശേഷം കിഴക്കോട്ട് പെണ്‍കുട്ടി വിളിച്ച സ്ഥലത്തേക്ക് നടന്നുപോകുകയായിരുന്നു.
പ്രണവിനെ കാണാതെ വന്നപ്പോള്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചെങ്കിലും റോഡില്‍ ആള്‍ക്കൂട്ടം കണ്ടതോടെ പ്രണവ് പിടിക്കപ്പെട്ടെന്നു ധരിച്ച് ഇരുവരും തിരിച്ച് ചെറായിയിലേക്ക് പോന്നുവത്രേ.
പ്രതികളെ കുടുക്കിയതു സിസിടിവി കാമറ
കൊലപാതകം നടന്ന സ്ഥലത്തിനു അല്പം കിഴക്ക് മാറിയുള്ള ഹോം സ്റ്റേയിലെ സിസിടിവി കാമറക്കണ്ണുകളാണ് പ്രതികളെ കുടുക്കിയത്. കൊലപാതകം കാമറയിൽ ഉണ്ടായിരുന്നില്ലെങ്കിലും കൃത്യം കഴിഞ്ഞ് നാല് പ്രതികളും വടികളും മറ്റുമായി കടന്നുപോകുന്ന ദൃശ്യങ്ങള്‍ കേസന്വേഷണത്തിൽ നിർണായകമായി.
സന്ദേശം അയച്ച് കാത്തുനിന്നിരുന്ന പ്രതികള്‍ വടിയും മറ്റും ഉപയോഗിച്ച് പ്രണവിനെ അടിക്കുകയും കത്തികൊണ്ട് വരയുകയും ചെയ്തു. ആദ്യത്തെ അടിയില്‍ തന്നെ പ്രണവ് വീണുപോയതിനാല്‍ പെട്ടെന്ന് കൃത്യം കഴിഞ്ഞ് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
മുഖ്യപ്രതിയായ ശരത്തിനെതിരെ സമാനമായ മറ്റൊരു സംഭവത്തില്‍ ഞാറക്കല്‍ പോലീസ് ഒന്നര വര്‍ഷം മുമ്പ് വധശ്രമത്തിനു കേസെടുത്തിരുന്നു.
ഞാറക്കലില്‍ നടന്ന സ്കൂള്‍ കലോത്സവത്തിനിടെ അവിടെയെത്തിയ വിദ്യാര്‍ഥിയെ കത്തിക്ക് കുത്തിയ കേസിലാണ് ഇയാൾ പ്രതിസ്ഥാനത്തുള്ളത്.
അന്ന് ഇതുപോലെ ഇയാള്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയോടു മറ്റൊരു ആണ്‍കുട്ടി സംസാരിച്ചത് ചോദ്യം ചെയ്തു കത്തിയെടുത്ത് ദേഹത്ത് വരയുകയായിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പ്രതി വ്യവസ്ഥകളോടെ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് ഇപ്പോൾ കൊലക്കേസില്‍ പ്രതിയാകുന്നത്.