വൈപ്പിൻ: കുഴുപ്പിള്ളിയിലെ പ്രണവ് വധത്തിൽ കോടതി മുന്പാകെ കീഴടങ്ങിയ രണ്ടാം പ്രതി ചൂളക്കപ്പറന്പിൽ നാംദേവിന്റെ വെളിപ്പെടുത്തൽ കുറ്റസമ്മതത്തിനു തുല്യമെന്ന് നിയമജ്ഞർ.
കഴിഞ്ഞ ദിവസം കോടതിയിൽ കീടഴടങ്ങിയ സമയത്ത് ഇയാൾ മജിസ്ട്രേറ്റിന്റെ ചോദ്യങ്ങൾക്ക് മറുപടിപറയവെയാണ് കുറ്റസമ്മതമെന്നോണം ചില കാര്യങ്ങൾ വെളിപ്പെടുത്തിയതത്രേ.
വൈദ്യസഹായം വേണ്ട വിധത്തിൽ ശാരീരികമായ എന്തെങ്കിലും അസ്വാസ്ഥ്യങ്ങളോ വേദനകളോ ഉണ്ടോയെന്ന് കോടതി പ്രതിയോട് ചോദിച്ചപ്പോൾ തന്റെ കാലിൽ പരിക്കുണ്ടെന്ന് പ്രതി കോടതിയെ അറിയിച്ചു.
പരിക്ക് എങ്ങനെ പറ്റിയതാണെന്ന് കോടതി ചോദിച്ചപ്പോൾ പറഞ്ഞത് പ്രണവിനെ അടിക്കുന്ന സമയത്ത് കൂട്ടുപ്രതികളുടെ അടി മാറി തന്റെ ദേഹത്ത് കൊണ്ടതിനെതുടർന്നുണ്ടായ പരിക്കാണെന്നാണ് ഇയാൾ മറുപടി പറഞ്ഞതത്രേ.
ഈ മൊഴിയാണ് പ്രതികളിലൊരാളുടെ കുറ്റസമ്മതമായി നിയമജ്ഞർ കാണുന്നത്. ഇതു പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ പോലീസിനു പിടിവള്ളിയാകുമത്രേ.
അതേ സമയം ദൃസാക്ഷികൾ ഒന്നും തന്നെ ഇല്ലാത്ത ഈ കേസിൽ പ്രധാന തെളിവ് പ്രണവിന്റെയും പ്രതികളുടെയും മൊബൈൽ ഫോണുകളാണ്.
ഇതാകട്ടെ പോലീസിനു ഇതുവരെ ലഭ്യമായിട്ടില്ല. പിന്നെയുള്ളത് സംഭവം നടന്നതിനു അൽപം മാറിയുള്ള സിസിടിവി കാമറ ദൃശ്യങ്ങളാണ്.
ഇതിൽ കൃത്യം നടക്കുന്നത് പതിഞ്ഞിട്ടില്ലെങ്കിലും ഇതിനുശേഷം പ്രതികൾ വടികളുമായി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇതും പോലീസിനു കേസിൽ സഹായകമാകും. കൂടാതെ പ്രണവിനെ പുലർച്ചെ ബൈക്കിൽ കുഴുപ്പിള്ളി ബീച്ചിൽ എത്തിച്ച രണ്ട് സുഹൃത്തുക്കളുടെ മൊഴികളും പോലീസ് തെളിവിലേക്ക് ശേഖരിച്ചിട്ടുള്ളതായാണ് അറിവ്.
22നാണ് ചെറായി കല്ലുമഠത്തിൽ പ്രണവ് -23 പള്ളത്താം കുളങ്ങര ബീച്ച് റോഡിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിനിടെ പ്രതികളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.