തിരുവനന്തപുരം: സെൽഫിയെടുത്തും തമാശ പറഞ്ഞും ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കൻ പ്രണവ് നിയമസഭയിൽ. തന്റെ ജന്മദിനമായ ഇന്നലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകുന്നതിനും പ്രതിപക്ഷ നേതാവിനെ സന്ദർശിക്കുന്നതിനുമാണ് ഇരുകൈകളുമില്ലാത്ത പ്രണവ് ഇന്നലെ നിയമസഭാ സമുച്ചയത്തിലെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സന്ദർശിച്ചു സെൽഫിയുമെടുത്താണ് പ്രണവ് മടങ്ങിയത്. പ്രണവിന്റെ സന്ദർശനം നൽകിയ സന്തോഷവും പ്രചോദനവും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു.
രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഹൃദയ സ്പർശിയായ ഒരു അനുഭവം ഉണ്ടായി എന്നു പറഞ്ഞാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ഇരു കൈകളും ഇല്ലാത്ത കൊച്ചുമിടുക്കൻ പ്രണവ് തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്.
തന്റെ ജീവിതത്തിലെ രണ്ടു കൈകൾ മാതാപിതാക്കളാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് പറഞ്ഞു. സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞതായും മുഖ്യമന്ത്രി കുറിച്ചു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനയ്ക്കുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ യാത്രയാക്കിയത്.
ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ പോസിറ്റീവ് ആയി കൈകാര്യം ചെയ്യാം എന്നതിന്റെ വർത്തമാനകാല റോൾ മോഡൽ ആണ് പ്രണവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചത്. ആ നിശ്ചയദാർഢ്യം നമുക്ക് എല്ലാവർക്കും പ്രചോദനമാണ്. രണ്ടു കൈകളും ഇല്ലാത്ത പ്രണവ് ഒരു ചിത്രകാരനാണ്. കാലുകൾ കൊണ്ടാണ് വരയ്ക്കുന്നത്.
അതുമാത്രമല്ല നാം കൈകൊണ്ട് ചെയ്യുന്നതെല്ലാം പ്രണവ് കാലു കൊണ്ട് ചെയ്യുന്നു. മൊബൈലിൽ ടൈപ് ചെയ്യുന്നത് മുതൽ സെൽഫി എടുക്കുന്നതു വരെ. ഇല്ലായ്മയെക്കുറിച്ചു പരാതിപ്പെടാൻ നമുക്ക് അവകാശമില്ലെന്നു പറഞ്ഞാണ് രമേശ് ചെന്നിത്തല കുറിപ്പ് അവസാനിപ്പിക്കുന്നത്.
ചിറ്റൂർ ഗവണ്മെന്റ് കോളജിൽ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പിഎസ്സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണിപ്പോൾ.