വൈപ്പിൻ: ചെറായി കല്ലുമഠത്തിൽ പ്രണവ് -23 കുഴുപ്പിള്ളി ബീച്ച് റോഡിൽ കൊലചെയ്യപ്പെട്ട കേസിൽ മൂന്നു പേർ അറസ്റ്റിലായി. അയ്യന്പിള്ളി സ്വദേശി ശരത്ത്-20 എടവനക്കാട് സ്വദേശി ജിത്ത് -20 എന്നിവരെ ഇന്നു പുലർച്ചെ റൂറൽ എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ അയ്യന്പിള്ളി കൈപ്പൻ വീട്ടിൽ അന്പാടി-19യെ പോലീസ് ഇന്നലെ വൈകുന്നേരം പിടികൂടിയിരുന്നു. ഇനി ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് അറിയിച്ചു.
ആയുധം കൈവശം വെച്ചതുൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രണവിന്റെ വീട്ടിൽ ചില ഗുണ്ടകൾ നാലു തവണ ആക്രമണം നടത്തിയിട്ടുണ്ടത്രേ.
ഇതുമായി ബന്ധപ്പെട്ട ആരെങ്കിലുമാണോ എന്നായിരുന്നു പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ പിന്നീടുള്ള അന്വേഷണത്തിലാണ് ദുരൂഹതകളുടെ ചുരുളഴിഞ്ഞതും നാലിൽ മൂന്ന് പ്രതികൾ മണിക്കൂറുകൾക്കകം പിടിയിലായതും.
പ്രണവിനെ വിളിച്ചു വരുത്തിയത് പെൺകുട്ടി
കൊലപാതകത്തിനിരയായ പ്രണവിനെ പുലർച്ചെ ബീച്ചിലേക്ക് വിളിച്ചു വരുത്തിയത് ഒരു പെണ്‍കുട്ടിയെന്ന് സൂചന. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിനു ഈ വിവരം ലഭിച്ചതത്രേ.
പുലർച്ചെ നാലോടെ രണ്ട് കൂട്ടുകാരുമൊരുമിച്ച് ചെറായിയിലെത്തി തട്ടുകടയിൽനിന്നും ചായ കുടിക്കുന്നതിനിടയിൽ പ്രണവിനു മൊബൈലിൽ ഏതോ സന്ദേശം വന്നുവത്രേ.
തുടർന്ന് ഇയാൾ വീട്ടിൽ തിരിച്ചെത്തി പണം എടുത്തശേഷം പെണ്‍കുട്ടിയെ കാണാൻ കൂട്ടുകാരുമൊരുമിച്ച് ബൈക്കിൽ പള്ളത്താം കുളങ്ങര ബീച്ച് റോഡ് വഴി കുഴുപ്പിള്ളി ബീച്ചിലെത്തുകയായിരുന്നു.
തുടർന്നു സുഹൃത്തുക്കളെ ബൈക്കുമായി ബീച്ചിൽ നിർത്തിയശേഷം വന്ന വഴിയെ തന്നെ തിരികെ കിഴക്കോട്ട് പെണ്‍കുട്ടി വിളിച്ച സ്ഥലത്തേക്ക് നടന്നു പോകുകയുമായിരുന്നു.
പിന്നീട് അരമണിക്കൂറോളം കാത്തിട്ടും പ്രണവിനെ കാണാതെ വന്നപ്പോൾ സുഹൃത്തുക്കൾ അന്വേഷിച്ച് ബീച്ച് റോഡിലേക്ക് കയറി കിഴക്കോട്ട് ചെന്നുവത്രേ.
എന്നാൽ അൽപം ദൂരെ ആൾകൂട്ടം കണ്ടതോടെ പ്രണവ് പിടിക്കപ്പെട്ടെന്ന് ധരിച്ച് ഇരുവരും തിരിച്ച് ചെറായി രക്തേശ്വരി ബീച്ച് വഴി ചെറായിലേക്ക് പോരുകയായിരുന്നു.
ഇതിനിടെ പ്രണവിനെ ഇവർ മൊബൈൽ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. പുലർച്ചെ ഇവരെ പോലീസ് തപ്പിയെത്തിപ്പോഴാണ് പ്രണവ് കൊലചെയ്യപ്പെട്ടതായി അറിയുന്നത്.
പുലർച്ചെ കടപ്പുറത്തെത്തിയ കടലോരജാഗ്രതാ സമിതി അംഗത്തിൽ ചിലർ ബൈക്കിന്റെ നന്പർ കുറിച്ചെടുത്തിരുന്നു. ഇതുവച്ചാണ് പോലീസ് പ്രണവിന്റെ സുഹൃത്തുക്കളെ കണ്ടെത്തിയത്.
കൊല നടത്തിയത് പെണ്ണിന്റെ പേരിൽ
മുഖ്യ പ്രതിയായ ശരത്ത് ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടിയെ കൊലപാതകത്തിനിരയായ പ്രണവ് പ്രണയാഭ്യാർഥന നടത്തിയതാണ് പ്രതികൾക്ക് പ്രണവിനോട് വൈരാഗ്യം തോന്നാൻ കാരണമെന്ന് പോലീസ് പറഞ്ഞു.
ഇതിൽനിന്നും പിൻമാറണമെന്ന് പ്രണവിനെ അറിയിക്കാനാണ് പെണ്‍കുട്ടി മുഖേന ബീച്ചിൽ വിളിച്ച് വരുത്തിയതത്രേ. എന്നാൽ പ്രണവ് ഇത് സമ്മതിക്കാതെ വന്നതോടെ തമ്മിൽ തർക്കമാവുകയും തുടർന്നു കൊലപാതകത്തിൽ കലാശിച്ചതും. തലക്കേറ്റ അടിയാണ് ഗുരുതരമായതെന്ന് പോലീസ് ഇൻക്വസ്റ്റിൽ പറയുന്നു. ശരീരഭാഗങ്ങളിലും അടിയേറ്റിട്ടുണ്ട്.
മുഖ്യപ്രതി മുൻപും പ്രശ്നക്കാരൻ
പ്രണവ് വധത്തിൽ മുഖ്യ പ്രതിയായ ശരത്ത് മറ്റൊരു വധശ്രമക്കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. രണ്ട് വർഷം മുന്‍പ് ഞാറക്കലിൽ നടന്ന സ്കൂൾ കലോത്സവത്തിനിടെ അവിടെയെത്തി വിദ്യാർഥിയെ കത്തിക്ക് കുത്തിയ കേസിലാണ് പോലീസ് ഇയാൾക്കെതിരേ വധശ്രമത്തിനു കേസെടുത്തിട്ടുള്ളത്.
അന്ന് ശരത്ത് ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയോട് മറ്റൊരു ആണ്‍കുട്ടി സംസാരിച്ചത് ചോദ്യം ചെയ്യുകയും തുടർന്നു കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ഈ കേസിൽ ഇയാൾ ജാമ്യത്തിലാണ്.
പ്രതികളെ കുടുക്കിയത് സിസിടിവി കാമറ
പ്രണവ് വധത്തിൽ പ്രതികളെ കുടുക്കിയത് കൊലചെയ്യപ്പെട്ട സ്ഥലത്തിനു അൽപം കിഴക്ക് മാറിയുള്ള ഹോം സ്റ്റേയിലെ സിസിടിവി കാമറ. കൊലപാതകം ദൃശ്യമല്ലെങ്കിലും കൃത്യം കഴിഞ്ഞ് നാല് പ്രതികളും ചിരിച്ച് ഉല്ലസിച്ച് കടന്നു പോകുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
കൊലപാതകത്തിനു തൊട്ടുമുന്‍പായി പള്ളത്താം കുളങ്ങര വഴി ബീച്ചിലേക്ക് പ്രണവും രണ്ട് സുഹൃത്തുക്കളും ഒരു ബൈക്കിൽ വരുന്നതായി കാമറയിൽ വ്യക്തമാണ്.
നേരേ ബീച്ചിലെത്തി അൽപം തെക്കുമാറി ബൈക്ക് നിർത്തിയശേഷമാണ് പ്രണവ് ബീച്ച് റോഡിലൂടെ കിഴക്കോട്ടെത്തിയത്. ഈ സമയമാണ് ഇവിടെ കാത്തു നിന്നിരുന്ന പ്രതികൾ വടിയും മറ്റും ഉപയോഗിച്ച് പ്രണവിനെ അടിച്ചത്. ഇതിനുശേഷം ഇവർ പള്ളത്താം കുളങ്ങരയിലൂടെയാണ് സ്ഥലം വിട്ടത്.
കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കോവിഡ് ടെസ്റ്റ് നടത്തിയശേഷം ഇന്ന് പോസ്റ്റ് മോർട്ടം നടത്തും. തുടർന്ന് സംസ്കരിക്കും. ഷെറീനയാണ് പ്രണവിന്റെ മാതാവ്. സഹോദരൻ: സൗരവ്.
അന്വേഷണ സംഘത്തിൽ പറവൂർ സിഐ ഷോജോ വർഗീസ്, ഞാറക്കൽ സിഐ പി.എസ്. ധർമ്മജിത്ത്, വടക്കേക്കര സിഐ എം.കെ. മുരളി, മുനന്പം പ്രിൻസിപ്പിൾ എസ്ഐ വി.കെ. സുധീർ, എസ്ഐ വി.ബി. റഷീദ്, ഞാറക്കൽ എഎസ്ഐ ഷാഹിർ എന്നിവരും ഉണ്ടായിരുന്നു.