കാക്കനാട്: മകളുടെ കിടപ്പ് മുറിയിൽ രാത്രിയിൽ ആൺ സുഹൃത്തിനെ കണ്ട മാതാപിതാക്കൾ ചോദ്യം ചെയ്തതിനെത്തുടർന്ന് പെൺകുട്ടി മാതാപിതാക്കൾക്കെതിരേ പോലീസിൽ പരാതി നൽകി. ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തമ്മനം സ്വദേശിനിയായ എൽഎൽബി വിദ്യാർഥിനി കൂടിയായ പെൺകുട്ടിയുടെ മുറിയിൽ രാത്രി ശബ്ദം കേട്ടതോടെ മാതാപിതാക്കൾക്ക് കട്ടിലിനടിയിൽനിന്നും ആൺ സുഹൃത്തിനെ കണ്ടെത്തിയത്.
മാതാപിതാക്കൾ ചോദ്യം ചെയ്തതോടെ പെൺകുട്ടി തന്നെ ഉപദ്രവിക്കുന്നതായി പാലാരിവട്ടം സ്റ്റേറ്റിനിൽ വിളിച്ചറിയിച്ചു. ഉടൻ പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ പാലാരിവട്ടം സ്റ്റേഷനിൽ എത്തിച്ചു.
തുടർന്ന് മാതാപിതാക്കളെ പോലീസ് വിളിച്ചു വരുത്തി കാര്യം തിരക്കിയപ്പോൾ രാത്രി മകൾ താമസിക്കുന്ന മുകളിലത്തെ നിലയിലെ മുറിയിലെ കട്ടിലിനടിയിൽനിന്നും ആൺ സുഹൃത്തിനെ കണ്ടതിനെ തുടർന്ന് ശകാരിച്ചെന്ന് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു.
താൻ മാതാപിതാക്കൾക്കൊപ്പം ഇനി പോകാൻ തയാറല്ലന്നും സുഹൃത്തിനൊപ്പം പോകാനാണ് ഇഷ്ടമെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
18 വയസു മാത്രമുള്ള ഇരുവരോടും വിദ്യാഭ്യാസം പൂർത്തിയാക്കാൻ നിർദേശം നൽകി പെൺകുട്ടിയെ കാക്കനാട് സർക്കാർ അഗതിമന്ദിരമായ സഖിയിലേക്ക് മാറ്റി.
വ്യാഴാഴ്ച സഖിയിലെ ജീവനക്കാരെ അറിയിക്കാതെ പെൺകുട്ടി അവിടെനിന്നും ഇറങ്ങി പോയി. തുടർന്ന് തൃക്കാക്കര പൊലീസിൽ നൽകിയ പരാതിയിൽ വെള്ളിയാഴ്ച്ച പോലീസ് പെൺകുട്ടിയെ കണ്ടത്തി കാക്കനാട് ഫസ്റ്റ് ക്ലാസ് കോടതി മജിസ്ട്രേറ്റിന്റെ ചേമ്പറിൽ ഹാജരാക്കിയതോടെ തന്നെ മാതാപിതാക്കൾക്കൊപ്പം വിടരുതെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി മജിസ്ട്രേറ്റിന്റെ കാലിൽ വീണു കരഞ്ഞു.
ഒടുവിൽ മാതാപിതാക്കൾ നിർദ്ദേശിക്കുന്ന ഹോസ്റ്റലിൽ പെൺകുട്ടി താമസിക്കണമെന്ന് കോടതി ഉത്തരവിട്ടു.