സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: സംസ്ഥാനത്ത് പ്രണയത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്നവരുടെയും കൊല്ലപ്പെടുന്നവരുടെയും എണ്ണം പെരുകുന്നു.
പ്രണയം നിരസിച്ചതിന്റെ പേരിൽ സംസ്ഥാനത്ത് മൂന്നു വർഷത്തിനിടെ ജീവനൊടുക്കിയത് 350 ഓളം പേരാണ്. ഇതിൽ 11 പെൺകുട്ടികൾ കൊല്ലപ്പെടുകയായിരുന്നു.
പ്രണയനൊന്പരമായി കൗമാരക്കാർ
ഒരുവർഷം മുന്പ് കൊലചെയ്യപ്പെട്ട കണ്ണൂർ സ്വദേശി മാനസയുടെ കൊലപാതകം ഞെട്ടലമായും നൊന്പരമായും ജനങ്ങളുടെ മനസിൽനിന്നു മായുന്നതിന് മുന്പാണ് കഴിഞ്ഞാഴ്ച പാനൂരിൽ പട്ടാപ്പകൽ കിടപ്പുമുറിയിൽ അതിക്രൂരമായി രീതിയിൽ വള്ള്യായി നടമ്മൽ കണ്ണച്ചാങ്കണ്ടി വിഷ്ണുപ്രിയ (23) കൊലചെയ്യപ്പെട്ടത്. കൂത്തുപറന്പിലെ ശ്യാംജിത്ത് (23) ആണ് പ്രണയ നൈരാശ്യത്തിൽ വിഷ്ണുപ്രിയയുടെ ജീവനെടുത്തത്.
ഡെന്റൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന കണ്ണൂർ സ്വദേശിയായ മാനസയെ പിന്തുടർന്ന് തലശേരി മേലൂർ സ്വദേശി രഖിൽ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. രഖിലും സ്വയം വെടിവച്ച് മരിച്ചു.
പെൺകുട്ടി പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണം. പെരിന്തൽമണ്ണയിലെ ദൃശ്യയുടെ കൊലപാതകവും പ്രണയം നിരസിച്ചതിന്റെ പേരിലാണ്. 21 കാരിയായ ദൃശ്യയെ സഹപാഠിയായ വിനീഷാണ് കൊലപ്പെടുത്തിയത്.
ദുരഭിമാനകൊലകൾ
പ്രണയത്തിന്റെ പേരിൽ ദുരഭിമാന കൊലകളും കേരളത്തിൽ നടക്കുന്നു. കേരള മനസിനെ ഞെട്ടിച്ച ദുരഭിമാന കൊലപാതകമായിരുന്നു കോട്ടയത്തെ കെവിന്റേത്.
സ്ത്രീധനത്തിന്റെ പേരിൽ വാർത്തയായതും അല്ലാത്തതുമായ ആത്മഹത്യകളും കൊലകളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 69 ലേറെ സ്ത്രീധന പീഡന മരണങ്ങൾ സംസ്ഥാനത്ത് സംഭവിച്ചതായാണ് ക്രൈം റെക്കോർഡ് ബ്യൂറോ കണക്കാക്കുന്നത്.
കൊല്ലം നിലമേൽ സ്വദേശി വിസ്മയ, ആലപ്പുഴ വള്ളിക്കാവിലെ സുചിത്ര, പയ്യന്നൂരിലെ സുനിഷ, കരുനാഗപ്പള്ളിയിലെ തുഷാര, അഞ്ചലിലെ ഉത്ര, അർച്ചന തുടങ്ങിയ പേരുകൾ ഇതിൽ ചിലത് മാത്രമാണ്.
യുവാക്കളുടെ ഇടയിൽ കൂടുവരുന്ന ലഹരി ഉപയോഗം അവരുടെ മാനസിക പ്രതിരോധ ശക്തി കുറയ്ക്കുകയും പ്രശ്നങ്ങളെ സധൈര്യം നേരിടാൻ കഴിവില്ലാതെ ആത്മഹത്യയിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുകയുമാണ്.