അനുമോൾ ജോയ്
കണ്ണൂർ: “അവനെതിരെ സംസാരിച്ചാൽ വയറിൽ ചവിട്ടും, മുഖത്തടിക്കും, പലപ്പോഴും ഞാൻ ഉറക്കെ കരഞ്ഞിട്ടുണ്ട്.. അവനോട് “നോ’ എന്ന് പറയാൻ പാടില്ല.
അവൻ തരുന്ന ലഹരി ഉപയോഗിക്കണം. അത് ഉപയോഗിച്ചാൽ പിന്നെ വേറെ ഏതോ ലോകത്താണ്. പിന്നീട് അത് കിട്ടാതെ ജീവിക്കാൻ പറ്റാണ്ടായി…
ലഹരി ഉപയോഗിച്ചില്ലെങ്കിൽ കൈ വിറയ്ക്കും. പിന്നെ, എല്ലാത്തിനോടും ദേഷ്യമായിരിക്കും. അവന്റെ വലയിൽ 11 ഓളം പെൺകുട്ടികൾ ഉണ്ട്. അടുത്ത് അറിയാവുന്നവരോട് ഞാൻ കാര്യം പറഞ്ഞിരുന്നു..
എന്നാലും അവൻ അവരെയൊക്കെ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചതുപോലെ അത്രയും ആഴത്തിൽ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണ്. അവനോട് പറഞ്ഞാൽ എത്ര ലഹരി വേണമെങ്കിലും കൊണ്ടുവന്ന് തരും…
ലഹരി ലഭിക്കുന്നത് എവിടെ നിന്നാണെന്ന് അവൻ ഒരിക്കലും പറഞ്ഞ് തരില്ല. സ്വബോധത്തോടെ ഇല്ലാതിരുന്നപ്പോൾ കക്കാട് നിന്നാണെന്ന് പറഞ്ഞിരുന്നു…
ലഹരി സംഘത്തിന്റെ കൈയിൽ അകപ്പെട്ട കണ്ണൂരിലെ ഒരു പ്രമുഖ സ്കൂളിലെ പെൺകുട്ടി രാഷ്ട്രദീപികയോട് നടത്തിയ വെളിപ്പെടുത്തലുകളാണ്.
സഹപാഠിയുടെ പീഡനത്തിനിരയാകുകയും ലഹരിക്കടിമപ്പെടുകയും ചെയ്ത ഒരു പെൺകുട്ടിയുടെ ദുരനുഭവമാണ്. തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നാണ് ഈ പെൺകുട്ടിയുടെ ആഗ്രഹം.
അവനെ അത്രയ്ക്കു വിശ്വാസമായിരുന്നു
” അവൻ പാവമായിരുന്നു, ആരോടും ശബ്ദമുയർത്തി സംസാരിക്കില്ല, അധ്യാപകരുടെയും കുട്ടികളുടെയെല്ലാം പ്രിയപെട്ടവൻ, ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു, എന്നെ, നന്നായി കെയർ ചെയ്യും.
അവൻ വന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ.. ഞാൻ വിശ്വസിച്ചു പോയി, ആത്മാർഥമായി പ്രണയിച്ചു. എന്നെ ശാരീരികമായി ഉപയോഗിക്കുന്പോഴും എനിക്ക് പ്രശ്നം ഉണ്ടായിരുന്നില്ല.
അവനെ അത്രയ്ക്ക് വിശ്വാസം ആയിരുന്നു. ഏത് സാഹചര്യത്തിലും കൂടെ നിൽക്കും എന്ന് പ്രതീക്ഷിച്ചു. പ്രണയിച്ച് വിശ്വസിപ്പിച്ചാണ് എനിക്ക് ലഹരി തന്നത്.
ഡിപ്രഷൻ മാറാൻ ഇത് ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞാണ് തന്നത്. ആദ്യം ഇത് എന്താണെന്നറിയാനാണ് ഉപയോഗിച്ചത്. പിന്നീട് ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിക്കുന്നത് ഒരു ഹരമായി.
അവൻ കൈവിട്ടപ്പോൾ ആത്മഹത്യാശ്രമം..
അവനെന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്..എല്ലായിടത്തും ബ്ലോക്കാക്കി അവൻ എന്നെ.. അതിൽ നിന്ന് രക്ഷനേടാൻ ഞാൻ ലഹരി കൂട്ടുപിടിച്ചു.
മൂന്ന് ദിവസം ഭക്ഷണം പോലും ഇല്ലാതെ ഞാൻ ലഹരി ഉപയോഗിച്ചു. എന്റെ സഹോദരി എന്റെ മാറ്റം നിരീക്ഷിച്ചത് കൊണ്ടും അമ്മയെ അറിയിച്ചത് കൊണ്ടും മാത്രമാണ് ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത്.
അവന്റെ പേര് ബ്ലേഡ് കൊണ്ട് എന്റെ കൈയിൽ എഴുതി. ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞപ്പോഴും അവൻ മറ്റൊരു പെൺകുട്ടിയോടൊപ്പം ഇരുന്ന് ലഹരി ഉപയോഗിക്കുകയാണെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്.
എന്റെ അച്ഛനും അമ്മയും എന്നെ ചേർത്തുപിടിച്ചു. എല്ലാം ധൈര്യത്തോടെ നേരിടാനുള്ള പ്രാപ്തിയാക്കി തന്നു. എന്നെപോലെ ആരും അവന്റെ വലയിൽ വീഴാൻ പാടില്ലെന്നും അവൾ രാഷ്ട്രദീപികയോട് പറഞ്ഞു.
ഇത് കണ്ണൂരിലെ ഒരു കുട്ടിയുടെ മാത്രം കഥയല്ല. നിരവധി വിദ്യാർഥികളാണ് ഇത്തരത്തിൽ ലഹരി മാഫിയ സംഘത്തിന്റെ വലയിൽ വീണിട്ടുള്ളത്.
അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രിയപ്പെട്ടവരാണ് അവരിൽ ഏറെയും. ഈ 14 കാരി വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ മറ്റൊരു പെൺകുട്ടിയും പോലീസിൽ പരാതിയുമായി എത്തിയിട്ടുണ്ട്.
ലഹരിമരുന്ന് ഉപയോഗം ബീച്ചുകളിൽ
സൗഹൃദം പ്രണയത്തിലേക്ക് വഴിമാറികഴിഞ്ഞാൽ പെൺകുട്ടികളെയും കൂട്ടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുകയാണ് അടുത്ത സ്റ്റെപ്പ്.
അധികമാരും പോകാത്ത സ്ഥലങ്ങളാണ് തെരഞ്ഞെടുക്കുക. ഹിൽ സ്റ്റേഷനുകളിൽ പോകാനാണ് താത്പര്യമെങ്കിലും ദൂരം കൂടുതലായത് കൊണ്ട് ബീച്ചുകളിലേക്കാണ് പോകുന്നത്.
പയ്യാമ്പലം ബീച്ചുകളിലും മറ്റും നിറയെ ആളുകൾ ഉള്ളതു കൊണ്ട് തോട്ടട, ഏഴരക്കടപ്പുറം എന്നിവിടങ്ങളിലേക്കാണ് കൂടുതലും പോകുക. വീട്ടിൽ നിന്നു സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങും.
യൂണിഫോം ഇട്ട് വീട്ടിൽ നിന്ന് ഇറങ്ങും. കൈയിൽ ഒരു ജോഡി വസ്ത്രവും കരുതിയിട്ടുണ്ടാകും. ഹോട്ടലുകളിലോ ബസ് സ്റ്റാൻഡിലോ എത്തി യൂണിഫോം മാറ്റും.
അവിടെ നിന്ന് ആദ്യം ബസുകളിലോ മറ്റോ നേരത്തെ നിശ്ചയിച്ച സ്ഥലത്തേക്ക് യാത്ര തിരിക്കും. പെൺകുട്ടിയുടെ വിശ്വാസം നേടിയെടുക്കാനായി അവൾ ആഗ്രഹിക്കുന്നത്പോലെയൊക്കെ പെരുമാറും.
ക്ലാസ് കട്ട് ചെയ്തുള്ള യാത്രകളും മറ്റും തുടർന്ന് കൊണ്ടിരിക്കും. പിന്നീട് പ്രണയസല്ലാപം ശാരീരിക ബന്ധങ്ങളിലേക്ക് വഴിമാറും. ശാരീരിക ബന്ധങ്ങളിലേർപ്പെട്ടുകഴിയുമ്പോഴാണ് പതിയെ പെൺകുട്ടിക്ക് മയക്കുമരുന്ന് കൊടുക്കുക.
കഞ്ചാവല്ലെ, ജെസ്റ്റ് ട്രൈ ചെയ്ത് നോക്കിക്കോയെന്ന് പ്രാണനാഥൻ പറയുന്പോൾ അവൾ എതിർക്കില്ല. ആദ്യം ചെറിയ ഡോസ് നൽകുകയും പിന്നീട് ലഹരിക്ക് അടിമയാക്കി മാറ്റുകയും ചെയ്യും.
ലഹരിക്കായി എന്തും ചെയ്യും..
ആദ്യം കൗതുകത്തിനായി തുടങ്ങുന്ന ലഹരി ഉപയോഗം പിന്നീട് ഇല്ലാതെ പറ്റില്ലന്നാവും. ആൺ സുഹൃത്ത് പറയുന്നതെന്തും ചെയ്തു കൊടുക്കേണ്ടിവരും. ആദ്യം ശരീരത്തിൽ മുറിവേൽപ്പിച്ച് ശാരീരിക ബന്ധത്തിലേർപ്പെടും.
ലഹരികിട്ടാനായി അതെല്ലാം സഹിക്കും. ഏതെങ്കിലും സാഹചര്യത്തിൽ എതിർത്താൽ പിന്നെ ലഹരി നൽകില്ല. മാത്രമല്ല, ക്രൂരമായി മർദിക്കുകയും ചെയ്യും.
അടിവയറ്റിൽ ചവിട്ടുകയും സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപിക്കുകയുമാണ് ഇവരുടെ വിനോദമെന്നാണ് കണ്ണൂരിലെ ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
ലഹരിക്കായി അവരുടെ കാൽപിടിച്ച് കെഞ്ചും. എങ്കിലും വളരെ ക്രൂരമായാണ് അവർ പെരുമാറുക. അവർ ചോദിക്കുന്ന പണം അത് എത്രയാണെങ്കിലും എത്തിച്ച് നൽകണം.
ഇല്ലെങ്കിൽ അതിന് വേറെ മർദനം ഏറ്റുവാങ്ങേണ്ടി വരും. പലപ്പോഴും വീട്ടിൽ കള്ളം പറഞ്ഞ് പണം വാങ്ങേണ്ടി വന്നിട്ടുണ്ടെന്നും പെൺകുട്ടി പറയുന്നു.
കൂടുതൽ പെൺകുട്ടികൾ വലയിൽ
കണ്ണൂരിലെ പ്രമുഖ സ്കൂളുകളിലെ നിരവധി കുട്ടികളാണ് “പ്രണയ-ലഹരി’ വലയിൽപെട്ട് ലഹരിക്കടിമപെട്ടിട്ടുള്ളത്. സ്കൂളുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പല പെൺകുട്ടികളും പ്രണയ-ലഹരി വലയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കുട്ടികളിലെ മാറ്റം അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചാൽ തന്നെ തിരക്കുകളിൽ ഏർപെട്ട് പലരും അവരെ ശ്രദ്ധിക്കാൻ മെനക്കെടാറില്ല.
ശ്രദ്ധിക്കുന്ന മാതാപിതാക്കളാകട്ടെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ കുട്ടികളുടെ ഭാവി ഭയന്ന് പുറത്ത് പറയാറില്ല. കുട്ടികളെ ഡി-അഡിക്ഷൻ സെന്ററിലോ കൗൺസിലിംഗിനോ കൊണ്ട് പോകുകയാണ് ചെയ്യുന്നത്.