അനുമോൾ ജോയ്
കണ്ണൂർ: പതിനാലുകാരിയെ സഹപാഠി ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണി.
പതിനാറുകാരന്റെ സഹോദരനാണ് ഭീഷണി മുഴക്കി വിളിച്ചതെന്ന് കുട്ടിയുടെ പിതാവ് രാഷ്ട്രദീപികയോട് പറഞ്ഞു. കേസ് കൊടുത്ത് പതിനാറുകാരനെ അറസ്റ്റ് ചെയ്തപ്പോഴാണ് ഭീഷണി മുഴക്കി ഫോൺ വന്നത്. ഇപ്പോൾ പതിനാറുകാരൻ ജാമ്യത്തിലിറങ്ങിക്കഴിഞ്ഞു.
രാഷ്ട്രദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വെളിപ്പെടുത്തലിന് ശേഷം ഓരോ നിമിഷവും ഭയത്തോടെയാണ് കഴിയുന്നത്. ഈ പതിനാറുകാരന്റെ മുകളിൽ വലിയ ലഹരി മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്.
ആ കുട്ടിയുടെ ഫോൺ പരിശോധിച്ചാൽ അത് മനസിലാക്കാൻ സാധിക്കും. എന്നിട്ടും, പോലീസ് അതിന് തയാറാവുന്നില്ല.പോലീസിന്റെ ഭാഗത്തുനിന്ന് നമ്മൾക്ക് പോസിറ്റീവ് മറുപടിയല്ല ലഭിക്കുന്നത്.
സിറ്റി, കക്കാട് കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ ലഹരി മാഫിയ സംഘം പ്രവർത്തിക്കുന്നതെന്നും പിതാവ് പറഞ്ഞു.
ഈ പതിനാറുകാരന് സമപ്രായക്കാരായ കൂട്ടുകാർ വളരെ കുറവാണ്.
ഇവന്റെ കൂട്ടുകാർ എന്ന് പറയുന്നവർ 25 വയസിന് മുകളിലുള്ള ആൾക്കാരാണ്. കുട്ടിയുടെ സഹോദരനും ഇതിൽ പങ്കുണ്ടെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. ഭീഷണിയെ തുടർന്ന് പെൺകുട്ടിയും കുടുംബവും കണ്ണൂരിൽ നിന്നു പോയി.
കേസ് വഴിതിരിച്ചുവിടുന്നതായും ആരോപണം
തങ്ങളുടെ കുടുംബകാര്യങ്ങൾ ചർച്ചചെയ്ത് പോലീസ് കേസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് പിതാവ് ആരോപിച്ചു. പെൺകുട്ടിയെ പോലീസ് മാനസികമായി പീഡിപ്പിക്കുകയാണ്.
കുട്ടിയുടെ മൊഴി വിശദമായി അന്ന് പോലീസ് എടുത്തതാണ്. ഇപ്പോൾ വീണ്ടും മൊഴിയെടുക്കാൻ പോലീസിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
11 പെൺകുട്ടികളുടെ കാര്യം കുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയാനാണ് വിളിപ്പിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ഈ 11 പേരുടെയും കാര്യം എന്റെ മോളോട് പറഞ്ഞത് ആ കുട്ടിയാണ്.
അവന്റെ ഫോൺ വിശദമായി പോലീസ് പരിശോധിച്ചാൽ അതിൽ നിന്നുതന്നെ തെളിവുകൾ ലഭിക്കും. മോൾക്ക് അറിയാവുന്നകാര്യം മോൾ പറഞ്ഞുകഴിഞ്ഞു.
എന്നാൽ, പതിനാറുകാരന്റെ ഫോണിന്റെ ഡിസ്പ്ലേ പോയതുകൊണ്ട് ഫോൺ പരിശോധിക്കാൻ കഴിയില്ലെന്നാണ് പോലീസ് നൽകിയ മറുപടി. നമ്മൾ അറിയാവുന്ന കാര്യം പറഞ്ഞു കഴിഞ്ഞു.
ബാക്കി കണ്ടെത്തേണ്ടത് പോലീസ് ആണെന്നും പിതാവ് പറഞ്ഞു. കേസ് കൊടുത്ത് മാധ്യമങ്ങൾക്കു മുന്പിൽ പറയാൻ പെൺകുട്ടിയോട് പറഞ്ഞത് എന്റെ കുട്ടിക്ക് ഉണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന് ആഗ്രഹിച്ചാണ്.
ഇന്നലെ പോലീസ് വിളിച്ച് ഞങ്ങളുടെ കുടുംബപരമായ കാര്യങ്ങൾ പറഞ്ഞു. ഇത് കേസിനെ വഴിതിരിച്ചു വിടാനുള്ള ശ്രമമാണോയെന്ന് സംശയമുണ്ട്. കുട്ടിയെ പോലീസിനു മുന്നിൽ ഹാജരാക്കില്ല.
മോൾ ഇപ്പോൾ മാനസികമായി ശരിയായി വരുന്നതേയുള്ളു. കൗൺസലിംഗിന്റെയും മറ്റും ബലത്തിലാണ് പിടിച്ചു നിൽക്കുന്നത്.
രണ്ടാമതും കുട്ടിയുടെ മാനസികനില വളരെ ക്രിട്ടിക്കൽ ലവലിലേക്കാണ് പോകുന്നത്.വീണ്ടും പോലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുക്കുകയെന്ന് പറയുമ്പോൾ കുട്ടിയെ അത് നന്നായി ബാധിക്കുമെന്നും പിതാവ് പറഞ്ഞു.
രാഷ്ട്രദീപികയടക്കമുള്ള മാധ്യമങ്ങളിൽ വാർത്തവന്നപ്പോഴാണ് പോലീസ് കേസിനെ ഗൗരവമായി കാണാൻ തുടങ്ങിയതെന്നും പിതാവ് പറഞ്ഞു.
വിശദമായി അന്വേഷിക്കും: എസിപി
പതിനാലുകാരിയെ സഹപാഠി ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദ അന്വേഷണം തുടങ്ങിക്കഴിഞ്ഞെന്ന് എസിപി ടി.കെ.രത്നകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
കുട്ടി മാധ്യമങ്ങൾക്കു മുന്പിൽ പറഞ്ഞ കാര്യങ്ങൾ ചോദിക്കാനാണ് രണ്ടാമതും കുട്ടിയുടെ മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ടത്.
കുട്ടിയുടെ പിതാവ് ആരോപിക്കുന്നതുപോലെ കുട്ടിയെ മാനസികമായി പീഡിപ്പിക്കാൻ പോലീസ് ശ്രമിക്കുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
പതിനാറുകാരന്റെ സഹോദരനെയും സുഹൃത്തുക്കളെയും ഉടൻ ചോദ്യം ചെയ്യും. ലഹരി മാഫിയ സംഘത്തെകുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പതിനാറുകാരന്റെ ഫോൺ വിശദമായി പരിശോധിക്കുകയാണ്. സ്കൂളുകളിൽ ലഹരി ഉൽപന്നങ്ങൾ എത്തിക്കുന്ന കണ്ണികളെ ഉടൻ പിടികൂടുമെന്നും എസിപി പറഞ്ഞു.