കൊച്ചി: കൊച്ചി നഗരത്തിൽ ഉത്തരാഖണ്ഡ് സ്വദേശിനിയായ ബ്യൂട്ടീഷനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി സംസ്ഥാനം വിട്ടതായി പോലീസ് നിഗമനം. ഇയാളെ കണ്ടെത്തുന്നതിനായി നോർത്ത് പോലീസ് ഇൻസ്പെക്ടർ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
പ്രതിയുടെ മൊബൈൽ ഫോണ് രേഖകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം നടന്ന ആസാദ് റോഡിലാണ് പ്രതിയുടെ ഒടുവിലത്തെ മൊബൈൽ ടവർ ലൊക്കേഷൻ.
പ്രതി എത്തിച്ചേരാനിടയുള്ള പ്രദേങ്ങളിലെല്ലാം പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാൾ ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്ക് കടന്നിരിക്കാമെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ 11ഓടെ കലൂർ ആസാദ് റോഡിലായിരുന്നു സംഭവം. ഉത്തരാഖണ്ഡ് സ്വദേശിനിയും കലൂരിലെ സ്പായിലെ ബ്യൂട്ടീഷനുമായ സന്ധ്യയ്ക്ക്(25) ആണ് വെട്ടേറ്റത്.
തൃപ്പൂണിത്തുറയിലെ സ്പായിലെ ജീവനക്കാരനും ഉത്തരാഖണ്ഡ് കിച്ചാ പ്രേംനഗർ സ്വദേശിയുമായ ഫാറൂഖ് അലിയാണ് സന്ധ്യയെ ആക്രമിച്ചത്. ആക്രമണത്തിൽ സന്ധ്യയുടെ ഇടത് കൈയ്ക്കും മുതുകിനും ആഴത്തിൽ പരിക്കേറ്റിരുന്നു.
ആദ്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ധ്യയെ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
കൊല്ലത്തെ ഒരു ബ്യൂട്ടി പാർലറിൽ കഴിഞ്ഞ നാലു വർഷമായി ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും തൃപ്പൂണിത്തുറയിലെ ബ്യൂട്ടി പാർലറിൽ ഒരുമിച്ചു ജോലി ചെയ്തു.
ഫാറൂഖ് അലി നാട്ടിൽ പോയ സമയത്ത് സന്ധ്യ കലൂരിലെ പാർലറിലേക്ക് മാറിയിരുന്നു. ഇതിൽ ഫാറൂഖ് അലി പ്രകോപിതനായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഇവരുടെ സുഹൃദ് ബന്ധം വഷളായതായും സൂചനയുണ്ട്.
ഫാറൂഖ് സന്ധ്യയുടെ നീക്കങ്ങൾ നിരീക്ഷിച്ച് വന്ന ശേഷമാണ് കഴിഞ്ഞ ദിവസം ആക്രമിച്ചത്. ബൈക്കിലെത്തിയ ശേഷം കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.
ഒപ്പം ഉണ്ടായി യുവതി ബഹളം വെച്ചതോടെ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. വാഹനം ഏതാനും ദിവസങ്ങൾക്ക് മുന്പ് ഫാറൂഖ വാങ്ങിയതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിനുശേഷം ഇയാൾ തൃപ്പൂണിത്തുറയിലെ സ്ഥാപനത്തിൽ എത്തിയിട്ടില്ല. പ്രതിയുടെ ഫോണും സ്വിച്ച് ഓഫ് ആണ്.