ഗാന്ധിനഗർ: വിദ്യാർഥികൾ മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിന്റെ ഇരിപ്പടങ്ങളും പരിസരപ്രദേശങ്ങളും പ്രണയ സല്ലാപത്തിനായി തെരഞ്ഞെടുക്കുന്നതു മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
പ്രായപൂർത്തിയാകാത്ത വിദ്യാർഥികളാണ് ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കായി നിർമിച്ചിരിക്കുന്ന സിമന്റ് ബഞ്ചുകളിൽ ഇരുന്നു പരസ്യമായി പ്രണയകേളികൾ കാണിക്കുന്നത്.
കഴിഞ്ഞദിവസം ബസ് സ്റ്റാൻഡിലെ സിമന്റ് ബഞ്ചിൽ ഇരുന്നു പ്രണയജോഡികൾ മോശം പെരുമാറ്റം നടത്തി. ഇതു അവിചാരിതമായി വിദ്യാർഥിനിയുടെ സഹോദരന്റെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻതന്നെ സഹോദരന്റെ സുഹൃത്തുക്കളുമായി വന്നു ചോദ്യം ചെയ്യുകയും പിന്നീട് പെണ്‍കുട്ടിയുടെ കാമുകനായ വിദ്യാർഥിയെ മർദിക്കുകയും ചെയ്തു.
മർദനമേറ്റ വിദ്യാർഥി ഇയാളുടെ സുഹൃത്തുക്കളെ ഫോണ്‍ ചെയ്തു വിളിച്ചുവരുത്തി. തന്നെ മർദിച്ച പെണ്‍കുട്ടിയുടെ സഹോദരനെയും സുഹൃത്തുക്കളേയും ബസ്സ്റ്റാൻഡിൽവച്ചു മർദിച്ചാണു പകരം വീട്ടിയത്.
സംഘർഷം രൂക്ഷമായപ്പോൾ സമീപത്തെ വ്യാപാരികൾ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്നു പോലീസെത്തി ഇവരെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയിൽ മെഡിക്കൽ കോളജ് പരിസരത്തെ ഒരു സ്കൂളിലെ പെണ്‍കുട്ടികൾ ബസ് സ്റ്റാൻഡിൽവച്ചു പരസ്പരം അസഭ്യം പറയുകയും തമ്മിൽ തല്ലുകയും ചെയ്തു.
അരമണിക്കൂറിലധികമായിട്ടും അസഭ്യം പറയുന്നത് നിർത്താതെ വന്നപ്പോൾ യാത്രക്കാരായ ചിലർ ഇടപെട്ടു. നിങ്ങൾ വിദ്യാർഥികൾ അല്ലേ പരസ്യമായി അസഭ്യം പറയുന്നത് നിർത്തുവാൻ ആവശ്യപ്പെട്ടു.
യാത്രക്കാർ ഇടപെട്ടത് വിദ്യാർഥിനികൾക്ക് ഇഷ്ടപെട്ടില്ല. പിന്നീട് കൂട്ടത്തോടെ യാത്രക്കാരനെ അസഭ്യം പറഞ്ഞു.തുടർന്ന് ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജിയെ ഫോണിൽ വിവരം ധരിപ്പിച്ചതനുസരിച്ച് വനിത എസ്ഐ വിദ്യയുടെ നേതൃത്വത്തിൽ രണ്ടു ജീപ്പ് പോലീസ് സംഘം ബസ് സ്റ്റാൻഡിലെത്തി പ്രശ്നം ഉണ്ടാക്കിയവരിൽ നാലു പേരെ പിടികൂടി സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തശേഷം വീട്ടുകാരെ വിളിച്ചു വരുത്തി അവർക്കൊപ്പം പറഞ്ഞു വിടുകയായിരുന്നു.
പൊതുജനങ്ങൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തിയാണു മെഡിക്കൽ കോളജ് പരിസര പ്രദേശങ്ങളിലെ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേതടക്കം ചുരുക്കും ചില വിദ്യാർഥികൾ കാണിക്കുന്ന ഈ ദുഷ്പ്രവണതയെ ചെറുക്കുവാൻ വൈകുന്നേരങ്ങളിൽ ബസ്സ്റ്റാൻഡ് പരിസരത്ത് മെഡിക്കൽ കോളജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിലെ പോലീസിന്റെ സഹായം നിർബന്ധമാക്കണമെന്നാണു പൊതുജനങ്ങളും വ്യാപാരികളും ആവശ്യപ്പെടുന്നത്.