തൃശൂർ: പേരാമംഗലം പുറ്റേക്കരയിൽ യുവ കംപ്യൂട്ടർ എൻജിനിയറെ വഴിയിലിട്ട് മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.
പടിഞ്ഞാറേക്കോട്ട ചിറയത്ത് ടിനു(37)വിനെയാണു പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പുറ്റേക്കര സ്വദേശി അരുണ്‍ലാൽ (38) ആണു കൊല്ലപ്പെട്ടത്.26നു രാത്രി 10.30നു പുറ്റേക്കര ഇടവഴിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശരീരത്തിലും മുഖത്തും മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നതിനാൽ സംഭവം കൊലപാതകമാണെന്നു തുടക്കത്തിൽത്തന്നെ പോലീസ് സംശയിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിൽ മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു.
അരുണ്‍ലാലിന്റെ സുഹൃത്താണ് അറസ്റ്റിലായ ടിനു. കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരാണ്.പ്രണയത്തെച്ചൊല്ലി കളിയാക്കിയതിലുള്ള വിരോധവും സുഹൃത്തിനോടുള്ള സംശയവുമാണു കൊലപാതകത്തിൽ കലാശിച്ചത്.
ഇരുവരും സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവക്കാരാണ്. മരിച്ച അരുണ്‍ലാലിന്റെ സ്വഭാവങ്ങൾ മനസിലാക്കിയ പോലീസ് സംഘം നഗരത്തിലെ ബാറുകളിൽ അന്വേഷണം നടത്തി.
ഇവിടെനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ മരിച്ച ദിവസം ഏറെ വൈകിയും ബാറിലിരുന്ന് അരുണ്‍ലാൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി.
തുടർന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതകി പിടിയിലായത്. മരിച്ച അരുണ്ലാലിനോടു പ്രതി ടിനു തനിക്ക് ഒരു യുവതിയുമായി പ്രണയമുണ്ടെന്നു പറഞ്ഞു.
എന്നാൽ, ഇതേച്ചൊല്ലി അരുണ്‍ലാൽ ടിനുവിനെ കളിയാക്കി സംസാരിച്ചു. പിന്നീട് ഈ യുവതി ടിനുവിനെ കണ്ടതായി ഭാവിക്കാതിരുന്നത് അരുണ്‍ലാൽ കാരണമാണെന്നാണു ടിനു ധരിച്ചത്. ഇത് ഇരുവരും തമ്മിൽ വൈരാഗ്യത്തിനിടയാക്കി.
കൊലനടന്ന ദിവസം അരുണ്‍ലാൽ മദ്യപിക്കുന്നതിനായി തൃശൂരിലെ ബാറിൽ എത്തിയിരുന്നു.
മദ്യപിച്ച് ലക്കുകെട്ട് തൃശൂരിലെ റോഡരികിൽ നിൽക്കുകയായിരുന്ന ഇയാളുടെ അടുത്തേക്കു സുഹൃത്ത് ടിനു ബൈക്കിലെത്തുകയും വീട്ടിലേക്കു കൊണ്ടുചെന്നാക്കാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റുകയും ചെയ്തു.
തുടർന്ന് അരുണ്‍ലാലിനെ അയാളുടെ വീട് എത്തുന്നതിനുമുന്പേ റോഡിൽ ഇറക്കി മർദിക്കുകയായിരുന്നു.
നിലത്തുവീണ യുവാവിന്റെ തലയിലും മുഖത്തും കാലുകൊണ്ടു ചവിട്ടുകയും തുടർന്നു താടിയെല്ലും മൂക്കിന്റെ എല്ലും കഴുത്തിലെ കശേരുക്കളും പൊട്ടുകയുമായിരുന്നു.
മർദനത്തിനിടെ തലക്കേറ്റ ക്ഷതമാണു മരണകാരണമായത്. പേരാമംഗലം എസ്എച്ച്ഒ വി. അശോകകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.