കടുത്തുരുത്തി: പ്രണയതട്ടിപ്പ്, ലഹരി മാഫിയ സംഘങ്ങൾക്കെതിരേ നടപടി കർശനമാക്കാൻ കടുത്തുരുത്തിയിൽ ഇനി മുതൽ ജാഗ്രതാ സമിതിയുണ്ടാവും.
സാമൂഹ്യവിരുദ്ധ പ്രവർത്തികൾക്കെതിരേ ജാതി, മത, വർഗ, രാഷ്ട്രീയ വ്യത്യാസമില്ലാതെ നടപടിക്കൊരുങ്ങുകയാണ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ കടുത്തുരുത്തിയിലെ നാട്ടുകാർ.
കടുത്തുരുത്തിയിലും പരിസര പ്രദേശങ്ങളിലുമായി അടുത്ത കാലത്തായി നടന്ന പ്രണയതട്ടിപ്പ് കേസ്, വിദ്യാർഥികൾക്കിടയിൽ വ്യാപകമായി വരുന്ന മദ്യം, മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയ്ക്കെതിരെ ജാഗ്രത പുലർത്താനും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹ്യ വിരുദ്ധ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനുമായി കടുത്തുരുത്തിയിൽ രൂപീകരിച്ച ജാഗ്രതി സമിതിയുടെ പ്രഥമയോഗത്തിലാണ് ഇക്കാര്യങ്ങൾ ശക്തമായി നേരിടാൻ തീരുമാനിച്ചത്.
പോലീസ്, എക്സൈസ് വകുപ്പുകളുമായി സഹകരിക്കും
കടത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിൽ നടന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ടു കർശന നടപടികൾക്കു തീരുമാനങ്ങളെടുത്തത്.
രാവിലെയും വൈകുന്നേരങ്ങളിലും ടൗണിലും സ്കൂളുകളുടെ പരിസര പ്രദേശങ്ങളിലും പോലീസിന്റെയും എക്സൈസിന്റെയും സാന്നിദ്ധ്യം ഉറപ്പ് വരുത്താൻ നടപടി സ്വീകരിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.
ഇതിനായി ഉന്നത ഉദ്യോഗസ്ഥർക്കു കത്ത് നൽകും. ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ സർക്കാർ തലത്തിൽ ചെയ്യാൻ പറ്റുന്ന എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തുമെന്നും എംഎൽഎ അറിയിച്ചു.
വർധിച്ചു വരുന്ന സാമൂഹ്യവിരുദ്ധ ശക്തികൾക്കെതിരേ ജാഗ്രത പുലർത്താനും നടപടികൾക്കുമായി പോലീസ്, എക്സൈസ് വകുപ്പുകളുമായി സഹകരിച്ചാവും ജാഗ്രതാസമിതിയുടെ പ്രവർത്തനം. ഇക്കാര്യത്തിൽ എല്ലാവിധ സഹായങ്ങളുമുണ്ടാവുമെന്ന് യോഗത്തിൽ പങ്കെടുത്ത രണ്ട് വകുപ്പിലെയും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
സെന്റ് മേരീസ് ഫൊറോനാ വലിയപള്ളി, സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി, മുട്ടുചിറ റൂഹാദ കുദിശാ ഫൊറോനാ പള്ളി എന്നീ ഇടവകകളുടെ നേതൃത്വത്തിലാണ് ജാഗ്രത സമിതി രൂപീകരിച്ചത്.
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായെത്തുന്നവരെ കണ്ടെത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായി പോലീസ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ സ്പെഷ്യൽ പട്രോളിംഗ് ശക്തമാക്കും.
കടകളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും വഴിയിലും ജംഗ്ഷനുകളിലുമായി നിശ്ചിത സമയത്തിലധികം തങ്ങുന്നതായി ശ്രദ്ധയിൽ പെട്ടാൽ നടപടി സ്വീകരിക്കും.
ദേവാലയങ്ങളുടെയും സ്കൂളുകളുടെയും പരിസരങ്ങളിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായെത്തുന്നവരെ കണ്ടെത്താനും തുടർനടപടികൾക്കുമായും പരിശോധനകൾ നടത്തും.
താഴത്തുപള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വലിയപള്ളി വികാരി ഫാ. അബ്രഹാം പറന്പേട്ട് മുഖ്യപ്രഭാഷണം നടത്തി.
താഴത്തുപള്ളി സഹവികാരി ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ, പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, പഞ്ചായത്തംഗങ്ങളായ ജിൻസി എലിസബത്ത്, ടോമി നിരപ്പേൽ, കെ.ജയകൃഷ്ണൻ, പീറ്റർ മ്യാലിപ്പറന്പിൽ, സാനിച്ചൻ കണിയാംപറന്പിൽ, തോമസ് വെട്ടുവഴി, ജോയി കളപ്പറന്പത്ത്, ജോണി കണിവേലിൽ, സെന്റ് മൈക്കിൾസ് സ്കൂൾ പ്രിൻസിപ്പൾ സീമ സൈമണ്‍, ഹെഡ്മാസ്റ്റർ പി.സി. ക്രിസ്റ്റീൻ, മുട്ടുചിറ ഹോളിഗോസ്റ്റ് ബോയിസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം.കെ. ഷിബു തുടങ്ങിയവർ പങ്കെടുത്തു.
ഭാരവാഹികൾ
മോൻസ് ജോസഫ് എംഎൽഎ, താഴത്തുപള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ, വലിയപള്ളി വികാരി ഫാ. അബ്രഹാം പറന്പേട്ട് എന്നിവർ രക്ഷാധികാരികളായും പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു ചെയർപേഴ്സണായും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയധ്യക്ഷയും വാർഡ് മെന്പറുമായ ജിൻസി എലിസബത്ത് കണ്‍വീനറായും പഞ്ചായത്തംഗം ടോമി നിരപ്പേൽ ജോയിന്റ് കണ്‍വീനറായും എക്സിക്യൂട്ടിവംഗങ്ങളും ഉൾപ്പെടുന്ന കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത്.