കടുത്തുരുത്തി: ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റയാൾ അപകട നില തരണം ചെയ്തു. ഇയാളുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് പോലീസ്.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു പെണ്കുട്ടി ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിലായിരുന്നു.
സിപിഎം നേതാവ് അലരി പരിഷത്ത് ഭവനിൽ കെ.എൻ. അശോകന് (54) ആണ് വീടിന് സമീപത്തുണ്ടായ സംഘർഷം തടയുന്നതിനിടെ നെഞ്ചിന് കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കുറിച്ചി എണ്ണയ്ക്കാച്ചിറ പുതുവേലിൽ ജിബിൻ (21), കൊച്ചുപറന്പിൽ സുബീഷ് (23), ചങ്ങനാശേരി മാടപ്പള്ളി മാമൂട് പേഴത്തോട്ടത്തിൽ കൃഷ്ണകുമാർ (21) എന്നിവരെ കടുത്തുരുത്തി പോലീസ് പിടികൂടി.
വൈക്കം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.പ്രതികൾക്കൊപ്പം സംഭവത്തിലുൾപ്പെട്ട തിരുവന്പാടി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനിയെ ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെ ചുമതലയുള്ള ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ. കെ.ജെ. തോമസ് പറഞ്ഞു. സംഭവത്തിലുൾപ്പെട്ട മാമ്മൂട് സ്വദേശി ഷിബിനെ ഇനിയും പിടികൂടാനായിട്ടില്ല.
ഗുരുതര പരിക്കേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പോക്കറ്റിൽ കിടന്ന പഴ്സ് തുളച്ച് നെഞ്ചിന്റെ ഇടതുഭാഗത്ത് രണ്ടിഞ്ച് ആഴത്തിൽ കത്തി തുളച്ചു കയറി. ശ്വാസകോശത്തിന് മുറിവേറ്റിട്ടുണ്ട്.
സംഘർഷത്തിനിടെ പ്രതികളുടെ മർദനത്തിൽ അശോകന്റെ കേൾവി ശക്തിക്കും തകരാറുണ്ട്. കുത്തേറ്റുവീണ ഇയാളുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച പ്രതികൾ പടക്കം നെഞ്ചിൽ കെട്ടിവെച്ച് തീ കൊളുത്തിയതിനാൽ ശരീരത്തിനും പൊള്ളലേറ്റിട്ടുണ്ട്.
കെട്ടിട നിർമാണ മേഖലയിൽ തൊഴിലെടുക്കുന്ന അശോകന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ മാസങ്ങൾ എടുക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.ഞായറാഴ്ച രാത്രി 9.30നാണ് നാടിനെ ഞെട്ടിച്ച സംഭവം സംഭവത്തെ കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:-
ചികിത്സയ്ക്കെത്തിയ ബന്ധുക്കൾക്കൊപ്പം ആശുപത്രിയിൽ വച്ചാണ് ജിബിനും തിരുവന്പാടി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനിയും പരസ്പരം കാണുന്നത്.
പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു.ഏതാനും ദിവസം മുന്പ് തിരുവന്പാടി സ്വദേശിനിയുടെ സുഹൃത്തായ മങ്ങാട് സ്വദേശിനിയെ മറ്റൊരു പെണ്കുട്ടി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
ജിബിനുമായുള്ള ബന്ധത്തിൽനിന്നും തിരുവന്പാടി സ്വദേശിനിയെ പിന്തിരിപ്പിക്കണമെന്നും അല്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്നുമായിരുന്നു ഭീഷണി. ഈ വിവരം മങ്ങാട് സ്വദേശിനി കൂട്ടുകാരിയെ അറിയിക്കുകയും ഇവർ ഇത് കാമുകനായ ജിബിനെ ധരിപ്പിക്കുകയും ചെയ്തു. ഇതിനെ ചൊല്ലി പെണ്സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടാവുകയും ഇത് പോർവിളിയിലേക്ക് നീങ്ങുകയുമായിരുന്നു.
ഈ വിഷയം പരസ്പരം പറഞ്ഞു തീർക്കാനെന്ന വ്യാജേന തിരുവന്പാടി സ്വദേശിനി ഞായറാഴ്ച രാത്രിയിൽ നാല് ആണ്സുഹൃത്തുക്കളുമായി ചേർന്ന് കാറിൽ മങ്ങാട്ടിൽ എത്തുകയായിരുന്നു. പ്രശ്നം സംസാരിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടാവുകയും മങ്ങാട് സ്വദേശിനിയുടെ കുടുംബാംഗങ്ങളുമായി സംഘർഷമുണ്ടാവുകയും പ്രതികൾ കാറിൽ സൂക്ഷിച്ചിരുന്ന പടക്കം എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
തുടർന്നുണ്ടായ ബഹളത്തിൽ തടസം പിടിക്കാനെത്തിയ പ്രദേശവാസിയായ അശോകനെ പ്രതികൾ കുത്തുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ജിബിൻ, സുബീഷ് എന്നീ രണ്ടു പ്രതികളെയും സംഭവത്തിലുൾപ്പെട്ട പെണ്കുട്ടിയെയും തടഞ്ഞു വച്ചു പോലീസിൽ ഏൽപിച്ചു.
സംഘർഷത്തിനിടെ നാട്ടുകാരെ ഭയപ്പെടുത്തി രക്ഷപ്പെടാനായി ജിബിൻ സ്വയം കൈ ഞരന്പ് മുറിച്ചു പരിക്കേൽപ്പിക്കയും ചെയ്തിരുന്നു. മറ്റു രണ്ടുപേർ ഇവിടെ നിന്നും രക്ഷപ്പെടുന്നതിനിടെ കൈലാസപുരം ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി സജീവ് കെ. പാലിയപാടത്തിന്റെ ബൈക്കും എടുത്താണ് കടന്നത്.
ഇതിലൊരാളായ കൃഷ്ണകുമാറിനെ ഇന്നലെ മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അറുനൂറ്റിമംഗലത്തിനു സമീപത്തുനിന്നും പോലീസ് പിടികൂടുകയായിരുന്നു.