പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തിയും മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ചും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി പരാതി.
സൗദിയിൽ നഴ്സും നാലു വയസുള്ള കുട്ടിയുടെ അമ്മയുമായ യുവതിയെ ഭീഷണിപ്പെടുത്തി വലയിലാക്കാനുള്ള കണ്ണൂർ സ്വദേശിയുടെ ശ്രമത്തിനെതിരെ മാതാവാണ് ദക്ഷിണ മേഖല ഐജിക്കു പരാതി നൽകിയത്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അന്വേഷണം ആരംഭിച്ചു.
ഇസ്രയേലിൽ നഴ്സായ പത്തനംതിട്ട ജില്ലക്കാരിയായ വീട്ടമ്മ പോലീസിനു നൽകിയ പരാതി കഴിഞ്ഞയിടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ചും പോലീസിലെ സൈബർവിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
പരാതിയിൽ പറയുന്ന യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ഉടൻ നിർത്തണമെന്നാവശ്യപ്പെട്ടു ജില്ലാ പോലീസ് മേധാവി യുവാവിനു നോട്ടീസ് നൽകിയിരുന്നു.
യുവതിയുടെ മാതാവ് ഐജിക്കു നൽകിയ പരാതിയുടെ പ്രസക്ത ഭാഗം ഇങ്ങനെ: സൗദിയിൽ നഴ്സായി ജോലി നോക്കുന്ന മകളുടെ ഭർത്താവ് ദുബായിലാണ്.
ഇവരുടെ നാലു വയസുള്ള കുഞ്ഞ് നാട്ടിലുമാണ്. മാർച്ച് 23നു യുവതിയുടെ മാതാവ്, സഹോദരൻ, ഭർത്താവ് എന്നിവരുടെ ഫോണുകളിലെ മെസഞ്ചറിലേക്കാണ് കുറെ ചിത്രങ്ങൾ എത്തുന്നത്.
തന്റെ മകളും സൗദിയിൽ നഴ്സുമായ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തതാണിവയെന്ന് അമ്മ പറഞ്ഞു. ഏതാനും മിനിട്ടുകൾക്കകം ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു.
തുടർന്നു യുവതിയുമായി താൻ പ്രണയത്തിലാണെന്നും ഇതിന് എതിരുനിന്നാൽ നാട്ടിലുള്ള മകന്റെ ഭാര്യയെ മേയ് 10നു തട്ടിക്കൊണ്ടുപോകുമെന്നും സന്ദേശമെത്തി.
അന്വേഷണത്തിൽ കണ്ണൂർ സ്വദേശിയായ യുവാവാണ് സന്ദേശം അയച്ചതെന്നു മനസിലായി. ഭീഷണികൾ തുടർന്നപ്പോൾ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ സ്വദേശി ഇയാളുടെ കൈവശമുള്ള ചിത്രങ്ങൾ കാട്ടി മകളെ ബ്ലാക്ക്മെയിൽ ചെയ്തുവരികയാണെന്നു മനസിലായെന്നു പരാതിയിൽ പറയുന്നു.
ഇതിനിടെയിൽ മകൾ സൗദിയിലെ ജോലി ഉപേക്ഷിക്കുകയാണെന്നും ദുബായിലെത്തി അവിടെനിന്നു മൂന്നുവർഷത്തേക്കു മറ്റൊരു സ്ഥലം വരെ പോകുമെന്നും ഇതിനിടയിൽ ഫോണ് ബന്ധം പോലും ഉണ്ടാകില്ലെന്നും അമ്മയെ വിളിച്ചു പറഞ്ഞു.
ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിക്കാൻ അമ്മ തീരുമാനിച്ചത്. യുവാവ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.