പ്രണയത്തിനു കണ്ണില്ലെന്നു പഴമക്കാര്‍ പറയുന്നതു പലപ്പോഴും കേട്ടിട്ടുണ്ടാകും…
അതു ശരിയാണെന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണ് ദേ ഇവർ. ഒരാളെ മനസറിഞ്ഞ് അങ്ങ് ഇഷ്ടപ്പെട്ടാല്‍ പിന്നെ ആ സ്നേഹത്തെ ഇല്ലാതാക്കാന്‍ മറ്റൊന്നിനും സാധിക്കില്ലെന്നു കാണിച്ചു തരികയാണ് ”ആഫ്രിക്കന്‍ കിം കര്ദാഷിയന്”
എന്നു വിളിക്കപ്പെടുന്ന ഐവോറിയന്‍ ഗ്ലാമർ മോഡലായ യൂഡോക്സി യാവോയും പ്രോജെറിയ എന്ന അപൂര്‍വ ജനിതക വൈകല്യം ബാധിച്ച ഗിനിയന്‍ സംഗീതജ്ഞന് ഗ്രാന്‍ഡ് പിയും. ഇരുവരും തമ്മിലുള്ള ആകാര വ്യത്യാസമാണ് ഇവരെ വാർത്തകൾ എത്തിച്ചിരിക്കുന്നത്.
കല്യാണ കാലമാകുന്പോൾ പൊക്കവും ഭാരവും വണ്ണവുമൊക്കെ ഒത്തുനോക്കി പങ്കാളിയെ കണ്ടെത്തുന്നവരാണ് പലരും. എന്നാൽ, ഈ ദന്പതികളെ കണ്ടാൽ ഇത്തരക്കാരൊക്കെ മൂക്കത്തുവിരൽവച്ചുപോകും.
ഇവര്‍ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായത് ഇവരുടെ ശാരീരിക പ്രത്യേകതകൾകൊണ്ടാണ്. പ്രശംസകളോടൊപ്പം തന്നെ ഏറെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും പരിഹാസങ്ങളും ഇതിനോടകം ഇവര്‍ നേരിട്ടു കഴിഞ്ഞു.
വളരെ കുഞ്ഞനായ ഗ്രാൻഡ് പിയുടെ പങ്കാളി അസാധാരണ ആകാരവലിപ്പമുള്ള യൂഡോക്സി യാവോ ആണ്. തങ്ങളുടെ ആകാര വ്യത്യാസത്തെക്കുറിച്ച് ആകുലപ്പെടാതെ ഒന്നിച്ചതിൽ ഇരുവരുടെയും നിരവധി പേർ അഭിനന്ദിക്കുന്നുണ്ട്. എന്നാൽ, മറ്റു ചിലർ ഇതു പബ്ലിസിറ്റി തട്ടിപ്പാണെന്ന് ആക്ഷേപിക്കുന്നു.
മാർക്കറ്റിംഗ് തന്ത്രമോ?
യൂഡോക്സി യാവോയും ഗ്രാന്‍ഡ് പിയും സെലിബ്രിറ്റികളായതിനാല്‍ ”ഒരു മാര്‍ക്കറ്റിംഗ് സ്റ്റണ്ട്” എന്ന നിലയില്‍ ഒന്നിച്ചിരിക്കുകയാണെന്നാണ് വിമർശകരുടെ പക്ഷം. വാണിജ്യപരമായ നേട്ടങ്ങളാണ് ഇരുവരും ലക്ഷ്യമിടുന്നതെന്നും വിമര്‍ശനമുണ്ട്.
ഒരുമിച്ചുള്ള ചിത്രങ്ങള്‍ സുഹൃത്തുക്കളുമായും അനുയായികളുമായും താരങ്ങള്‍ പങ്കിട്ടതിനു പിറകെ മോശം കമന്റുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. പലതും ഇവരെ അവഹേളിക്കുന്നതുമാണ്. എന്നാൽ, ഇതിനെയൊന്നും ഇരുവരും കൂസുന്നില്ല.
”ഞങ്ങളുടെ ബന്ധത്തെ നിങ്ങള്‍ ഞങ്ങള്‍ കഠിനമായി ട്രോളുന്നു. പക്ഷേ, ആകാരവലിപ്പം പ്രശ്നമല്ലെന്നു ഞങ്ങള്‍ തെളിയിച്ചതിനാല്‍ ഞങ്ങള്‍ അതു കാര്യമാക്കുന്നില്ല” – വിമര്‍ശകര്‍ക്കുള്ള മറുപടിയായി യൂഡോക്സി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ അടിക്കുറുപ്പാണിത്.
ഇരുവരും ഒരുമിച്ചുള്ളതായിരുന്നു ചിത്രം. ”ഞങ്ങള്‍ സന്തുഷ്ടരാണ്, ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങളുടെ പിന്തുണയ്ക്കു നന്ദി. ”ശാരീര സൗന്ദര്യം” പ്രാധാന്യമുള്ള ഒന്നായി കണക്കാക്കുന്നില്ല.” പത്ത് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള തന്റെ ഇന്‍സ്റ്റഗ്രാമില്‍ യൂഡോക്സി കുറിച്ചു.
തന്റെ വൈകല്യത്തെ മറികടന്നു സെലിബ്രിറ്റിയായി മാറി ജീവിച്ചുകാണിച്ച ഗ്രാൻഡ് പി എന്ന മൗസ സാന്ഡിയാന കബ (യഥാര്‍ഥ പേര്)യുടെ ഈ പ്രണയവും അതു വിവാഹത്തില്‍ എത്തി നില്ക്കുന്നുവെന്നതും അദ്ദേഹത്തിന്റെ ആരാധകരെയും വിസ്മയിപ്പിച്ചിരിക്കുന്നു.
എന്തായാലും സംഭവം വഴി ഇരുവരുടെയും വിപണി മൂല്യം കുതിച്ചുകയറിയിട്ടുണ്ട്. പല കന്പനികളും ഇരുവരെയും മോഡലുകളാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
ഇരുവരും ആകർഷക ദമ്പതികളാണ് എന്നതടക്കമുള്ള സ്നേഹ വാക്കുകളും ആശംസകളുമായി ആരാധകര്‍ അവർക്കു പിന്തുണയേകുന്നു.
പ്രമുഖ മോഡലായ കിം കര്‍ദാഷിയന്റെ ആഫ്രിക്കൻ പതിപ്പ് എന്നു വിളിക്കപ്പെടുന്ന ഈ ഐവറികോസ്റ്റുകാരിയാണ് പശ്ചിമാഫ്രിക്കയിലെ ഏറ്റവും വശ്യതയേറിയവരില് ഒരാളാണെന്നാണ് അവകാശപ്പെടുന്നത്.
ലോകത്ത് ഇന്നും നിലനില്‍ക്കുന്ന സൗന്ദര്യസങ്കല്പത്തെ പൊളിച്ചെഴുതി യഥാര്‍ഥ പ്രണയത്തിന് പുതിയൊരു മാനം നല്‍കുകയാണ് ഈ താര ജോഡികള്‍.
തയാറാക്കിയത്: കെ.എം. വൈശാഖ്