വൈക്കം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു ശാരീരികമായി ദുരുപയോഗം ചെയ്ത സംഭവത്തിൽ 21കാരനെ വൈക്കം പോലിസ് അറസ്റ്റ് ചെയ്തു.
വൈക്കത്തെ ഒരു ഉൾപ്രദേശത്തെ 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് വണ്ടിത്താവളം സ്വദേശി രാജേഷാ(21)ണ് അറസ്റ്റിലായത്.
ഫെയ്സ് ബുക്കിലൂടെ കൗമാരക്കാരിയുമായി പരിചയത്തിലായ യുവാവ് വൈക്കത്തെത്തി കായലോര ബീച്ചിൽ വന്ന് സംസാരിച്ചു പെണ്‍കുട്ടിയുമായുള്ള അടുപ്പം ശക്തമാക്കി.
പിന്നീട് പെണ്‍കുട്ടിയുടെ വയോധികയായ ബന്ധു തനിച്ചു താമസിക്കുന്ന വീട്ടിൽ പെണ്‍കുട്ടിയുമായി പോയാണ് യുവാവ് കൗമാരക്കാരിയെ ശാരീരികമായി ദുരുപയോഗം ചെയ്ത തെന്ന് പോലിസ് പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്കു മുന്‍പ് പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പോലീസിനു നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയെ തിരുവനന്തപുരം സ്വദേശിയായ മറ്റൊരു യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു.
പോലീസ് പെണ്‍കുട്ടിയ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയ ശേഷം ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരമറിഞ്ഞത്.
ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട വണ്ടിത്താവളംകാരൻ വൈക്കത്തെത്തി പീഡിപ്പിച്ചതിനാൽ വൈക്കം പോലീസാണ് കേസെടുത്ത് അറസ്റ്റു ചെയ്തത്.
ഫെയ്സ്ബുക്കിലെ അടുപ്പത്തെ തുടർന്ന് പെണ്‍കുട്ടി തിരുവനന്തപുരത്തെത്തി തിരുവനന്തപുരം സ്വദേശിക്കൊപ്പം തങ്ങിയതിനാൽ തിരുവനന്തപുരം സ്വദേശിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുന്നതിനു തിരുവനന്തപുരം പോലിസിനു കേസ് കൈമാറി.