ഗാന്ധിനഗർ: കാമുകൻ വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയതിനെ തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വാഴൂർ സ്വദേശിനിയായ 26കാരിയാണ് അമിത ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ശനിയാഴ്ച്ച രാവിലെ ഒന്പതിന് ആർപ്പൂക്കര അക്ഷര ജംഗ്ഷനു സമീപമുള്ള 23കാരനായ കാമുകന്റെ വീട്ടിലെത്തിയാണ് യുവതി ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
അബോധവസ്ഥയിലായ യുവതിയെ ഗാന്ധിനഗർ പോലീസെത്തി കാമുകന്റെ ബന്ധുക്കളുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയിക്കുന്നതും.
ഇതിനിടയിൽ ഒരു വർഷം മുന്പ് കാമുകിയിൽനിന്ന് 35,000 രൂപ കാമുകൻ കടം വാങ്ങി. 6000 രൂപ ഒഴികെ പലപ്പോഴായി ബാക്കി തുക തിരികെ ഏല്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച 6000 രൂപയുമായി കാമുകനും മാതാവുംകൂടി യുവതിയുടെ വീട്ടിലെത്തി. എന്നാൽ യുവതി പണം വാങ്ങാതെ യുവാവിന്റെ കണ്ണിൽ മുളകു പൊടി വിതറുകയും മർദ്ദിക്കുകയും ചെയ്തു. പിന്നീട് ഇരുവരും മടങ്ങിയെന്നാണ് യുവാവ് പറയുന്നത്.
തുടന്നാണ് ശനിയാഴ്ച യുവതി കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്കു ശ്രമിച്ചത്.വിവാഹം കഴിക്കുന്നതിനു മുന്പുതന്നെ യുവതിയുടെ മർദ്ദനത്തിന് വിധേയമാകേണ്ടി വന്നതിനാൽ വിവാഹശേഷം എന്തായിരിക്കുമെന്ന് കാമുകന്റെ വീട്ടുകാർ ചോദിക്കുന്നു.
യുവതിയുമായി പ്രണയമുണ്ടായിരുന്നെങ്കിലും കുറച്ചു നാളുകളായി ബന്ധം തുടരുന്നില്ലായിരുന്നു. സാന്പത്തിക ഇടപാട് മൂലമുണ്ടായ വാക്കുതർക്കമാണ് പിന്മാറാൻ പ്രേരിപ്പിച്ചത്-കാമുകൻ പറഞ്ഞു.
വിവാഹ വാഗ്ദാനം നൽകിയതിനാലാണ് പണം വായ്പ നൽകിയതെന്നും വാഗ്ദാനത്തിൽനിന്ന് പിന്മാറിയതിനാലാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നുമാണ് യുവതിയുടെ നിലപാട്.
യുവാവിനെതിരെ യുവതി മറ്റൊരു തരത്തിലുള്ള പരാതിയും നൽകിയിട്ടില്ലാത്തതിനാൽ യുവാവിനെതിരെ ഇപ്പോൾ കേസ് എടുത്തിട്ടില്ലെന്നും യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ഗാന്ധിനഗർ പോലീസ് പറഞ്ഞു.