മാവേലിക്കര: വിവാഹത്തിനു നിര്‍ബന്ധിച്ച കാമുകിയെ സ്വന്തം വീടിന്റെ കഴുക്കോലില്‍ തൂക്കിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. ഹരിപ്പാട് വെട്ടുവേനി കിഴക്കടംപള്ളില്‍ വീട്ടില്‍ സുനിത(26)യെ കൊലപ്പെടുത്തിയ കേസില്‍ കാമുകനായിരുന്ന വെട്ടുവേനി താമരശേരില്‍ കിഴക്കതില്‍ വീട്ടില്‍ രാജേഷി(42)നെയാണ് ജീവപര്യന്തം തടവിനും അഞ്ചുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി രണ്ട് കെ.എന്‍. അജിത്ത്കുമാര്‍ ഉത്തരവായത്.
2013 ജൂണ്‍ 18ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്ന സുനിതയും രാജേഷും തമ്മില്‍ പ്രണയത്തിലായിരുന്നു. ബന്ധം ഭര്‍ത്താവ് അറിഞ്ഞതിനെത്തുടര്‍ന്ന് സുനിത ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടില്‍ താമസമായി. ദിവസവും രാത്രിയില്‍ തൊട്ടടുത്തുള്ള രാജേഷിന്റെ വീട്ടില്‍ സുനിത എത്തുമായിരുന്നു. ഇതിനിടെ സുനിത ഗര്‍ഭിണിയായി. രാജേഷിന്റെ നിര്‍ബന്ധപ്രകാരം കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തി.
ഇതിനുശേഷം തന്നെ വിവാഹം കഴിക്കണമെന്ന് സുനിത രാജേഷിനെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. അവസാനം രാജേഷ് സുനിതയെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചു. കൃത്യം നടക്കുന്നതിന് തലേദിവസം സുനിതയോട് രജിസ്റ്റര്‍ മാര്യേജ് ചെയ്യാനായി പോകാന്‍ ഒരുങ്ങി നില്‍ക്കാനും ആവശ്യപ്പെട്ടു. സുനിത ഒരുങ്ങിനിന്നെങ്കിലും രാജേഷ് ചങ്ങനാശേരിയില്‍ ആയതിനാല്‍ എത്താന്‍ സാധിക്കില്ല എന്ന് അറിയിക്കുകയും കൃത്യം നടന്ന ദിവസം ഉറപ്പായും പോകാമെന്ന് വാക്കുകൊടുക്കുകയും ചെയ്തു.
എന്നാല്‍, 18നും രാജേഷ് മറ്റെന്തോ അത്യാവശ്യം പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതേത്തുടര്‍ന്ന് സുനിതയും രാജേഷും തമ്മില്‍ ഫോണില്‍ വാക്കുതര്‍ക്കമുണ്ടായി. തന്നെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം കഴിക്കാനാണെങ്കില്‍ തന്നെകൊന്നിട്ടു പോകണമെന്ന് സുനിത രാജേഷിനോട് പറഞ്ഞു. ഇങ്ങു വാ, നിന്നെ കൊന്നു തന്നേക്കാം എന്നു രാജേഷ് സുനിതയോട് തിരികെ പറയുകയും ചെയ്തു. അന്നുരാത്രിയില്‍ രാജേഷിന്റെ വീട്ടിലെത്തിയ സുനിത രാജേഷുമായി വിവാഹക്കാര്യം പറഞ്ഞ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
ഇതേത്തുടര്‍ന്ന് രാജേഷ് സുനിതയുടെ തുടയില്‍ ചവിട്ടി. ചവിട്ടുകൊണ്ട് വീണ സുനിതയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചു. ഇതേതുടര്‍ന്ന് ബോധരഹിതയായ സുനിതയെ സുനിതയുടെ ഷാള്‍ ഉപയോഗിച്ച് രാജേഷിന്റെ വീടിന്റെ കഴുക്കോലില്‍ കെട്ടിത്തൂക്കി മരണം ഉറപ്പാക്കി. തുടര്‍ന്ന് മൃതദേഹം തൊട്ടടുത്തുതന്നെയുള്ള സുനിതയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടുപോയി കെട്ടിത്തൂക്കാനായിരുന്നു രാജേഷിന്റെ പദ്ധതി.
എന്നാല്‍, മുന്നൂറു മീറ്റര്‍ എത്തിയപ്പോഴേക്കും കുഴഞ്ഞ രാജേഷ് സമീപത്തെ വെട്ടുവേനി ബഥേനിയേല്‍ വീട്ടില്‍ കുഞ്ഞുമോന്റെ വീടിന്റെ സിറ്റ്ഔട്ടില്‍ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷന് കേസ്.പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടത്തില്‍ തുടയിലേയും തലയിലേയും പരിക്കുകള്‍ കണ്ടെത്തി. സുനിതയും രാജേഷും തമ്മിലുള്ള അടുപ്പത്തേക്കുറിച്ചുള്ള മൊഴികളും ലഭിച്ചതോടെ അന്വേഷണം രാജേഷിലേക്ക് എത്തുകയായിരുന്നു.
ആദ്യദിനം തന്നെ കസ്റ്റഡിയിലായ രാജേഷ് നാലു ദിവസങ്ങള്‍ക്കുശേഷമാണ് കുറ്റം സമ്മതിച്ചത്.കൊലപാതകം (302) ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും ആയുധമില്ലാതെയുള്ള ദേഹോപദ്രവം ഏര്പ്പിക്കല്(323) മൂന്നുമാസം തടവ്, ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം ഏല്‍പ്പിക്കല്‍ (324) ഒരുവര്‍ഷം തടവ്, തെളിവു നശിപ്പിക്കല്‍(201) രണ്ടു വര്‍ഷം തടവ് എന്നിവയാണ് ചുമത്തിയിട്ടുള്ളത്.
പിഴ ഓടുക്കിയില്ലെങ്കില് മൂന്നുമാസം അധിക തടവ് അനുഭവിക്കണം. പിഴത്തുകയായ അഞ്ചുലക്ഷം രൂപ സുനിതയുടെ മകള്‍ക്ക് നല്‍കണം.ഹരിപ്പാട് സിഐ ആയിരുന്ന ഉദയഭാനുവിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം നടന്നത്.22 സാക്ഷികളെയും 29 രേഖകളും 36 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സോളമന്, അഭിഭാഷകനായ സരുണ്‍ കെ. ഇടിക്കുള എന്നിവര്‍ ഹാജരായി.