കൊച്ചി: എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ തമിഴ്നാട് സ്വദേശിനിയായ പൂ വില്‍പ്പനക്കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അക്രമണത്തിനു കാരണം പ്രണയം നിരസിച്ചതെന്നു പ്രതി.
കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി ചിന്നത്തമ്പിയാണ് (40) നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. കത്രികക്കൊണ്ടുള്ള ഇയാളുടെ കുത്തേറ്റ കോയമ്പത്തൂര്‍ സ്വദേശിയും എറണാകുളം നോര്‍ത്തിലെ പൂ വിൽപ്പനക്കാരിയുമായ തങ്കമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെ ചിന്നത്തമ്പി ബ്ലേഡുകൊണ്ട് സ്വയം കൈവിരലില്‍ മുറിവുണ്ടാക്കി ഈ രക്തംകൊണ്ട് ചുവരില്‍ എഴുതുകയുണ്ടായി. ഇതിലേക്ക് തങ്കമ്മ വെള്ളം ഒഴിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
തുടര്‍ന്ന് ഇയാള്‍ പൂമാല മുറിക്കാനും മറ്റുമായി വച്ചിരുന്ന കത്രികയെടുത്ത് തങ്കമ്മയെ കുത്തുകയായിരുന്നു. തങ്കമ്മയുടെ ഇടതുകവിളിലാണ് മാരകമായ മുറിവേറ്റത്.
തങ്കമ്മയോട് പ്രതി മുമ്പ് പണം ചോദിച്ചിട്ട് നല്കാത്തതിനാല് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.