ന്യൂഡൽഹി: പ്രണയിച്ച് വിവാഹം കഴിച്ചതിൽ കുപിതരായ പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ഡൽഹിയിലെ രജൗരി ഗാർഡൻ മേഖലയിലാണ് സംഭവം. ബുധനാഴ്ചയാണ് സംഭവം.
യുവാവിനെ സഫ്ഗർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. 23കാരനായ യുവാവും 20കാരിയായ പെൺകുട്ടിയും തമ്മിൽ രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ പെൺകുട്ടിയുടെ ബന്ധുക്കൾ എതിർത്തിരുന്നു.
ഇതേതുടർന്ന് ഇരുവരും ഒളിച്ചുപോയി ജയ്പുരിലെത്തി കല്യാണം കഴിക്കുകയായിരുന്നു. വിവാഹശേഷം ഇരുവരും ഡൽഹിയിലേക്ക് മടങ്ങിയെത്തി.
എന്നാൽ കഴിഞ്ഞദിവസം യുവാവിനെക്കുറിച്ച് വിവരം ലഭിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും പിന്നീട് ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു.
തുടർന്ന് സാഗർപുർ മേഖലയിൽ യുവാവിനെ ഉപേക്ഷിച്ച ശേഷം അക്രമികൾ കടന്നുകളഞ്ഞു. സംഭവത്തിൽ രജൗരി ഗാർഡൻ പോലീസ് കേസെടുത്തിട്ടുണ്ട്.