തിരുവനന്തപുരം: കാമുകൻ നൽകിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വിദ്യാർഥിനി മരിച്ചു. തമിഴ്നാടിലെ കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടിൽ സി. അഭിത(19)യാണ് ശനിയാഴ്ച രാത്രി മരിച്ചത്.
ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറു വേദന അനുഭവപ്പെട്ട അഭിതയെ മാർത്താണ്ഡത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ സുഹൃത്തായ യുവാവിനെതിരെ അഭിതയുടെ അമ്മ തങ്കഭായി പോലീസിൽ പരാതി നൽകി.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. എന്നാൽ വിവാഹ വാഗ്ദാനം നൽകിയ യുവാവ് പിന്നീട് ഇതിൽ നിന്ന് പിൻമാറിയതിന് പിന്നാലെ അഭിതയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.
യുവാവുമായി കൂടിക്കാഴ്ച നടത്തിയതിന് അടുത്ത ദിവസം മുതലാണ് അഭിതയ്ക്ക് വയറുവേദന തുടങ്ങിയത്. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ യുവാവ് അഭിതയ്ക്ക് ശീതള പാനീയം കുടിക്കാൻ നൽകിയതായി അഭിത വീട്ടുകാരോട് പറഞ്ഞിരുന്നു.
യുവാവ്, അഭിതയെ ഒഴിവാക്കാന്‍ വേണ്ടി മനപൂര്‍വ്വം വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കുകയായിരുന്നുവെന്നും വീട്ടുകാര്‍ ആരോപിക്കുന്നു. വയറ് വേദന ശക്തമായതിനെ തുടർന്ന് അഭിതയെ മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍, വയറ് വേദന കലശലായി. ഇതേ തുടർന്ന് കഴിഞ്ഞ നാലാം തിയതി അഭിതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുമ്പോഴാണ് അഭിത മരണത്തിന് കീഴടങ്ങിയത്.
അഭിതയുടെ കരളിന്റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതായാണ് മരണ കാരണം എന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് നിദ്രവിള പോലീസ് അന്വേഷണം ആരംഭിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതൽ കര്യങ്ങൾ വ്യക്തമാകൂ എന്ന് നിദ്രവിള പോലീസ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മേൽനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.