കോഴിക്കോട്: തിക്കൊടി പഞ്ചായത്ത് ഓഫീസിന് മുൻപിൽ യുവതിയെ തീകൊളുത്തി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്ന് രാവിലെ 9.50നാണ് സംഭവം. പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയെയാണ് യുവാവ് ആക്രമിച്ചത്.
ദിവസവേതന അടിസ്ഥാനത്തിൽ ഒരാഴ്ച മുൻപാണ് യുവതി പഞ്ചായത്തിൽ ജോലിക്ക് എത്തിയത്. ഇവർ പരിചയക്കാരാണെന്നാണ് സൂചന. പെട്രോൾ ഒഴിച്ചാണ് ഇയാൾ യുവതിയെ തീകൊളുത്തിയത്. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കൊയിലാണ്ടിയിലെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പയ്യോളി സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.