മുംബൈ: മുംബൈയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് യുവ കോളജ് അധ്യാപികയെ യുവാവ് പെട്രോൾ ഒഴിച്ചുകത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി തിങ്കളാഴ്ച മരണത്തിനു കീഴടങ്ങി. മഹാരാഷ്ട്രയിലെ വാർധയിലായിരുന്നു സംഭവം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുപത്തിയഞ്ചുകാരിയായ കോളജ് അധ്യാപികയ്ക്കു നേരെ ആക്രമണം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് അക്രമി വിക്കി നഗ്രാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വിവാഹിതനും ഏഴുമാസം പ്രായമുള്ള കുട്ടിയുടെ പിതാവുമാണ്.
ബൈക്കിലെത്തിയ വിക്കി യുവതിയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ യുവതി നാഗ്പുരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങി.
രണ്ടു വർഷത്തോളമായി വിക്കി യുവതിയെ ശല്യംചെയ്തുവരികയായിരുന്നു. കഴിഞ്ഞ വർഷം ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. യുവതിക്കെതിരായ ആക്രമണത്തെ തുടർന്ന് സ്ഥലത്ത് വലിയ സംഘർഷം ഉണ്ടായിരുന്നു.
കോളജ് വിദ്യാർഥികളും അധ്യാപകരും വാർധയിൽ പ്രതിഷേധപ്രകടനവും നടത്തി. പ്രതിക്ക് മരണശിക്ഷ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. യുവതിയുടെ മരണത്തെ തുടർന്ന് സ്ഥലത്ത് സംഘർഷം ഉണ്ടാവാതിരിക്കാൻ പോലീസ് ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തീയിരിക്കുന്നത്.