കണ്ണൂർ: പ്രണയം നടിച്ച് മാനസിക വൈകല്യമുള്ള പെൺകുട്ടിയിൽ നിന്നും സ്വർണവും പണവും തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെതിരെ വളപട്ടണം പോലീസ് കേസെടുത്തു.
പാപ്പിനിശേരി സ്വദേശിനിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ബസ് കണ്ടക്ടറായ താജിറിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.
പെൺകുട്ടി ടൈലറിംഗ് ക്ലാസിന് പോകുന്നതിനിടെയാണ് താജിറുമായി പരിചയപെടുന്നത്. പിന്നീട്, താജിർ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞും മറ്റ് പല കാരണങ്ങൾ പറഞ്ഞും പെൺകുട്ടിയിൽ നിന്നും എട്ട്പവനും 5000 രൂപയും തട്ടിയെടുക്കുകയായിരുന്നെന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സ്വർണാഭരണങ്ങൾ കാണാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാവ് കാര്യം തിരക്കിയപ്പോഴാണ് വിവിധ ആവശ്യങ്ങൾക്കായി താജിറിന് കൊടുത്തുവെന്ന് പെൺകുട്ടി പറഞ്ഞത്.
ഉടൻ അവയെല്ലാം തിരിച്ച് വാങ്ങണമെന്ന് ആശ്യപ്പെട്ടപ്പോൾ താജിറിനോട് കാര്യം പറയുകയും ചെയ്തു.
എന്നാൽ, നൽകിയ സ്വർണാഭരണങ്ങളും പണവും തിരിച്ചുനൽകാൻ താജിർ തയാറായില്ല. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് വളപട്ടണം പോലീസിൽ പരാതി നൽകിയത്. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.