പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പ്രണയിച്ചതിന്റെ പേരിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. ഇവർ അക്രമിസംഘത്തിൽ ഉണ്ടായിരുന്നവരാണെന്ന് പരിക്കേറ്റ യുവാവ് തിരിച്ചറിഞ്ഞു.
പാതായിക്കര സ്വദേശി നാഷിദ് അലിയെയാണു ശനിയാഴ്ച പുലർച്ചെ പെരിന്തൽമണ്ണയിൽ ഒരു സംഘം ആക്രമിച്ചത്. അതേസമയം, മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് നാഷിദ് അലിയുടെ കുടുംബം ആവശ്യപ്പെട്ടു. വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന് ഭയമുണ്ടെന്നും നാഷിദ് അലിയുടെ അമ്മ പറഞ്ഞു.
നാഷിദിന്റെ കൈയും കാലും ഇരുന്പുവടികൊണ്ട് അടിച്ചൊടിച്ചു. ദേഹത്തു കത്തികൊണ്ടു മുറിവേൽപ്പിച്ചു. കാലിൽ അക്രമികൾ പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ നാഷിദ് ഇപ്പോൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തലകീഴായി തൂക്കിയിട്ടശേഷം തന്നെ മൂത്രം കുടിപ്പിച്ചെന്നും മർദനത്തിനുശേഷം ഇവർ തന്നെയാണ് തന്റെ വീട്ടുകാരെ വിവരമറിയിച്ചതെന്നും നാഷിദ് പറയുന്നു. പ്രണയത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്നും നാഷിദ് അലി ആരോപിച്ചു.