മലയാളത്തിലെ എണ്ണംപറഞ്ഞ ഹിറ്റുകളില്‍ ഒന്നായിരുന്നു പ്രണയം. ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയറ്ററില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. മോഹന്‍ലാലും അനുപം ഖേറും ഒപ്പം ജയപ്രദയും മത്സരിച്ചഭിനയിച്ച ചിത്രത്തെക്കുറിച്ച് രസകരമായൊരു കഥ പങ്കുവയ്ക്കുകയാണ് ബ്ലെസി. ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി സംവിധായകന് ആദ്യം കണ്ടിരുന്നത് മമ്മൂട്ടിയെ ആയിരുന്നത്രേ.
കഥയെഴുതി തുടങ്ങിയത് അച്യുതമേനോനെന്ന കേന്ദ്രകഥാപത്രത്തെ മമ്മൂട്ടിക്കു വേണ്ടി കണ്ടു കൊണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ ആ പ്രോജക്ട് പരസ്പരം ആലോചിച്ച് ഉപേക്ഷിക്കുകയായിരുന്നു എന്നു ബ്ലെസി പറയുന്നു. മമ്മുക്കയുടെ യൗവനകാലം ആര് അവതരിപ്പിക്കും എന്നതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പമാണു ഇതിനു കാരണമായത്. കാസ്റ്റിങ്ങില്‍ വീഴ്ച വന്നാല്‍ സിനിമയെ തന്നെ അതു ബാധിക്കും.
ആ സാഹചര്യത്തില്‍ ആ പ്രോജക്ട് ഒഴിവാക്കുകയേ നിര്വാഹമുള്ളായിരുന്നു എന്നു ബ്ലെസി പറഞ്ഞു. ഇതിനു ശേഷം സ്വകാര്യമായ ഒരു ആവശ്യത്തിനു ദുബായില്‍ പോയപ്പോള്‍ കാസിനോവയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ലാലേട്ടന് അവിടെ ഉണ്ടായിരുന്നു ഒന്നുപോയി കണ്ടുവരാം എന്നു കരുതി. പുതിയ പ്രോജക്ടിനെ കുറിച്ചു ചോദിച്ചപ്പോള്‍ ബ്ലെസി ഉപേക്ഷിക്കപ്പെട്ട ഈ പ്രോജക്ടിനെ കുറിച്ചു പറയുകയായിരുന്നു. കഥമുഴുവന്‍ കേട്ട ശേഷം ലാലേട്ടന്റെ ആദ്യം പ്രതികരണം ഇതായിരുന്നു. ”മാത്യൂസിനെ ഞാന്‍ ചെയ്തോട്ടെ” തുടര്‍ന്നു തന്റെ ചിന്തകളില്‍ മാത്യൂസിന്റെ വളര്‍ച്ചയ്ക്കു വേഗം ഉണ്ടായി എന്നു ബ്ലെസി പറയുന്നു.