കൊച്ചി: പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ച യുവാവ് നാലു ക്രിമിനല് കേസിലെ പ്രതിയാണെന്ന് അറിഞ്ഞ പെണ്കുട്ടി മാതാപിതാക്കള്ക്കൊപ്പം മടങ്ങി.
യുവാവിന്റെ ക്രിമിനല് പശ്ചാത്തലം ബോധ്യമായ പെണ്കുട്ടി മാതാപിതാക്കള്ക്കൊപ്പം പോകാനുള്ള താത്പര്യവും കോടതിയെ അറിയിക്കുകയായിരുന്നു. പ്രായപൂര്ത്തിയാകാത്ത സമയത്ത് തന്നെ പീഡിപ്പിച്ചെന്ന കേസില് പ്രതിയായ യുവാവിനൊപ്പമാണ് 19 കാരിയായ പെണ്കുട്ടി ഒളിച്ചോടിയത്.
കുട്ടിയെ അന്യായ തടങ്കലില് വച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് വെളിപ്പറമ്പ സ്വദേശിയായ നിസാര് എന്നയാള്ക്കെതിരേ പെണ്കുട്ടിയുടെ മാതാപിതാക്കള് ഹേബിയസ് കോര്പസ് ഹര്ജി നല്കിയതാണു വിഷയം ഹൈക്കോടതിയിലെത്താന് ഇടയാക്കിയത്.
ആദ്യദിവസം കേസ് പരിഗണിക്കവെ കോടതിയില് ഹാജരായിരുന്ന പെണ്കുട്ടി ഭര്ത്താവിനൊപ്പം പോകണമെന്ന് ആഗ്രഹമറിയിച്ചെങ്കിലും പോക്സോ അടക്കം ഒട്ടേറെ കേസുകളില് പ്രതിയാണെന്ന് പ്രോസിക്യൂഷന് അറിയിച്ചതോടെ മാതാപിതാക്കള്ക്കൊപ്പം കുട്ടിയെ താത്കാലികമായി വിട്ടയച്ചു. യുവാവിന്റെ പശ്ചാത്തലം അന്വേഷിച്ച് അറിയിക്കാന് കോടതി നിര്ദേശിക്കുകയും ചെയ്തു.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സര്ക്കാര് അഭിഭാഷകന് കോടതിയെ അറിയിച്ചത്. കവര്ച്ച, മോഷണം, പോക്സോ അടക്കം നാല് ക്രിമിനല് കേസുകളില് പ്രതിയാണെന്നു വ്യക്തമാക്കി സത്യവാങ്മൂലം നല്കി.