ന്യൂഡൽഹി: കാമുകനെ കാണാൻ തന്റെ മക്കളോടൊപ്പം ഇന്ത്യയിലെത്തിയ ഭാര്യയെ തിരികെ അയയ്ക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചുകൊണ്ടുള്ള പാക്കിസ്ഥാനി യുവാവിന്റെ ഓഡിയോ സന്ദേശം വൈറലായിരിക്കുകയാണ്.
ഗുലാം ഹൈദർ എന്ന യുവാവാണ് തന്റെ ഭാര്യ സീമയെയും നാലു കുട്ടികളെയും തിരികെ അയയ്ക്കണമെന്ന് ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അഭ്യർഥിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പായ പബ്ജി കളിയിലൂടെ പരിചയപ്പെട്ടാണ് ഇന്ത്യാക്കാരനായ സച്ചിൻ മീണയുമായി സീമ അടുപ്പത്തിലായത്. തുടർന്നു നേപ്പാൾ വഴി തന്റെ നാല് കുട്ടികളുമായി കാമുകനെ കാണാൻ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന കുറ്റത്തിന് സീമയും അനധികൃത കുടിയേറ്റക്കാരിക്ക് അഭയം നൽകിയ കുറ്റത്തിന് സച്ചിൻ മീണയും ജയിലിലായിരുന്നു. അടുത്തിടെ ഇരുവർക്കും ജാമ്യം ലഭിച്ചു.
താൻ സൗദി അറേബ്യയിൽ ആയിരുന്നതിനാൽ ഭാര്യയും മക്കളും ഇന്ത്യയിലേക്ക് കടന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഗുലാം ഹൈദർ പറയുന്നത്.
പിന്നീട് ഇന്ത്യൻ മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും ഇയാൾ പറയുന്നു. ഇന്ത്യൻ മാധ്യമങ്ങൾ വഴി പുറത്തുവിട്ട ഒരു ഓഡിയോ സന്ദേശത്തിലൂടെയാണ് ഗുലാം ഹൈദർ ഭാര്യയെ തിരികെ അയയ്ക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചത്.
താൻ ഒരു പാവപ്പെട്ട മനുഷ്യൻ ആണെന്നും തന്റെ അഭ്യർഥന ഇന്ത്യന്‍ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുന്നതിന് ഇന്ത്യൻ മാധ്യമങ്ങൾ സഹായിക്കണമെന്നും ഇയാൾ സന്ദേശത്തിൽ അഭ്യർഥിക്കുന്നു.
അതേസമയം, 2019 മുതൽ താൻ ഭർത്താവിനെ കണ്ടിട്ടില്ലെന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തുടർച്ചയായി മൂന്നുതവണ തലാഖ് ചൊല്ലി അദ്ദേഹത്തിൽനിന്ന് ഔപചാരികമായി വേർപിരിഞ്ഞെന്നുമാണ് സീമ പോലീസിനോട് വെളിപ്പെടുത്തിയത്.