കറാച്ചി/നോയിഡ: ഓൺലൈനിൽ പബ്ജി കളിക്കിടെ പരിചയപ്പെട്ട ഗ്രേറ്റർ നോയിഡ സ്വദേശിക്കൊപ്പം കഴിയുന്നതിനായി കുട്ടികളുമായി ഇന്ത്യയിലേക്കു കടന്ന പാക് യുവതി സീമ ഹൈദറിന്റെ ഭർത്താവ് കുട്ടികൾക്കായി നിയമപോരാട്ടത്തിലേക്ക്.
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ സ്വദേശി സച്ചിൻ മീണയ്ക്കൊപ്പം കഴിയുന്ന സീമയിൽനിന്ന് കുട്ടികളെ തിരികെക്കിട്ടണമെന്നാണ് പാക്കിസ്ഥാനിലുള്ള ഭർത്താവ് ഗുലാം ഹൈദറിന്റെ ആവശ്യം. ഇതിനായി അദ്ദേഹം തന്നെ സമീപിച്ചതിനെത്തുടർന്ന് ഇന്ത്യയിലെ ഒരു അഭിഭാഷകനെ നിയോഗിച്ചതായി പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകൻ അൻസാർ ബെർനി പറഞ്ഞു.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സീമ കഴിഞ്ഞിരുന്നത്. ഭർത്താവ് ഗുലാം ഹൈദർ സൗദി അറേബ്യയിലായിരുന്നു. ഓൺലൈൻ സൗഹൃദത്തെത്തുടർന്ന് കഴിഞ്ഞ മേയിലാണ് സീമ കുട്ടികൾക്കൊപ്പം നേപ്പാൾ വഴി ഡൽഹിയിലെത്തിയത്. മൂത്ത കുട്ടിക്ക് ഏഴുവയസായിരുന്നു പ്രായം. സീമ ഹൈദറിന്റെ ഒളിച്ചോട്ടം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
ഇന്ത്യയിൽ അനധികൃതമായി കഴിഞ്ഞുവെന്ന പേരിൽ സീമയെ കഴിഞ്ഞവർഷം ജൂലൈയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃത താമസത്തിനു സൗകര്യമൊരുക്കിയതിന്റെ പേരിൽ സച്ചിനും.
മൂന്നുദിവസത്തിനകം ജാമ്യം ലഭിച്ചതോടെ ഇരുവരും ഒരുമിച്ച് കഴിയുകയാണ്.
ഇരുവർക്കുമെതിരേ ഡൽഹി പോലീസിന്റെയും മധ്യപ്രദേശ് ഭീകര വിരുദ്ധ സംഘത്തിന്റെയും അന്വേഷണവും തുടരുന്നുണ്ട്.