കണ്ണൂർ: പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന വിരുതൻ അറസ്റ്റിൽ. പാച്ചപൊയ്ക സ്വദേശി കെ.പി. ആകാശിനെയാണ്(24) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുന്പാണ് കേസിനാസ്പദമായ സംഭവം. എടക്കാട് സ്റ്റേഷൻ പരിധിയിലെ ഒന്പതാം ക്ലാസ് വിദ്യാർഥിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
സ്കൂളിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചുവരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് കേസെടുത്തതോടെ ആകാശ് ഒളിവിൽ പോയി. തുടർന്ന് ഇന്നലെ എടക്കാട് എസ്ഐ എൻ. ദിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൂത്തുപറമ്പിലെ ഒളി സങ്കേതത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ സമാനമായ രീതിയിൽ നിരവധി കേസുണ്ടെന്ന് പോലീസ് പറഞ്ഞു.