ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ 25 കാരനു 32 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
അരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷിനെയാണ് വിവിധ വകുപ്പുകളിലായി ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ജഡ്ജി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം തടവു കൂടി അനുഭവിക്കണം.
2019ലാണ് കേസിനാസ്പദമായ സംഭവം. 15 വയസുള്ള പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി കറങ്ങാന്‍ പോകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എരമല്ലൂരില്‍ നിന്നു പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി ചേര്‍ത്തല തങ്കി കവലയ്ക്കടുത്ത് പ്രതിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തിച്ചു ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്നാണ് കേസ്.
പ്രതി മറ്റൊരു പോക്സോ കേസില്‍ പ്രതിയാണ്. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണെന്നു പോലീസ് പറഞ്ഞു.ചേര്‍ത്തല ഡിവൈഎസ്പി യായിരുന്ന എ.ജി ലാല്‍, സബ് ഇന്സപ്ക്ടര്മാരായിരുന്ന കെ.എൻ മനോജ്, ആര്.എല്‍. മഹേഷ്, സൈബര്‍ സെല്‍ എസ്ഐ അജിത് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സബിത, പ്രീത, ബിനു, അനില്‍, അനുപ് ആന്റണി, സുധീഷ് ചന്ദ്ര ബോസ് എന്നിവര്‍ കേസന്വേഷണത്തില്‍ പങ്കാളികളായി. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ടി. ബീന കാര്ത്തികേയന്, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.