കോഴിക്കോട്: കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി വിവസ്ത്രയാക്കി വീടിനുള്ളിൽ തടങ്കലിലാക്കിയ കേസിൽ റിമാൻഡിൽ കഴിയുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.
തൊട്ടിൽപാലം കുണ്ടുതോട് ഉണ്ണ്യത്താൻകണ്ടി യു.കെ. ജുനൈദി(26)നെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനും വിശദമായി ചോദ്യം ചെയ്യാനുമാണ് പോലീസിന്റെ നീക്കം.
ജുനൈദിനെതിരേ ബലാത്സംഗത്തിനും എൻഡിപിഎസ് ആക്ട് പ്രകാരവും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥിനിയെ ഉപദ്രവിച്ച വീട്ടിൽനിന്ന് കഞ്ചാവും എംഡിഎംഎയും പോലീസ് കണ്ടെടുത്തിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജുനൈദ് മയക്കുമരുന്നിന് അടിമയാണെന്ന വിവരം പോലീസിന് ലഭിച്ചത്. താൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ജുനൈദ് വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
പ്രണയം നടിച്ച് കോളജിൽ നിന്ന് വിദ്യാർഥിനിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ജുനൈദ് ശാരീരികമായി ഉപദ്രവിച്ചത്. ജുനൈദിന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിദേശത്താണുള്ളത്.
ജുനൈദ് ഒറ്റയ്ക്കാണ് താമസം. മോശം കൂട്ടുകെട്ടും മയക്കുമരുന്ന് ഉപയോഗവുമാണ് ജുനൈദിനെ വഴിതെറ്റിച്ചതെന്ന് പോലീസ് പറയുന്നു. കുറ്റകൃത്യത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കുണ്ടുതോട് സ്വദേശിയായ വിദ്യാർഥിനിയെയാണ് കഴിഞ്ഞയാഴ്ച ജുനൈദ് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. രണ്ടു ദിവസമായി ഇവരെ കാണാനില്ലായിരുന്നു. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തി വിദ്യാർഥിനിയെ കണ്ടെത്തുകയായിരുന്നു.
ജുനൈദ് കോളജിലെത്തി വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയിയെന്ന സഹപാഠികളുടെ മൊഴിയാണ് പ്രതി പിടിയിലാകാൻ കാരണം. പോലീസ് വിദ്യാർഥിനിയുടെ മൊബൈൽ ഫോണ് ടവർ ലൊക്കേഷനെ ആശ്രയിച്ചാണ് വീട് കണ്ടെത്തി രക്ഷപെടുത്തിയത്.