എരുമേലി: മകളുടെ പ്രണയത്തെച്ചൊല്ലി വീട്ടിലുണ്ടായ വഴക്കിനിടെ അകത്തുനിന്നു വീട് പൂട്ടി പെട്രോൾ ഒഴിച്ച് വീട്ടമ്മ നടത്തിയ ആത്മഹത്യാശ്രമത്തിൽ വീടിന് തീപിടിച്ച് വീട്ടമ്മയ്ക്കും ഭർത്താവിനും മകൾക്കും ദാരുണാന്ത്യം. മകന് പൊള്ളലേറ്റു.
ജൂബിലി ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലൻ (53), ഭാര്യ സീതമ്മ (ശ്രീജ-50), മകൾ അഞ്ജലി (26) എന്നിവരാണ് മരിച്ചത്. സീതമ്മ സംഭവസ്ഥലത്തും ഭർത്താവും മകളും കോട്ടയം മെഡിക്കൽ കോളജിലുമാണ് മരിച്ചത്. മകൻ അഖിലേഷ് (ഉണ്ണിക്കുട്ടൻ-22) പരിക്കേറ്റ് ചികിത്സയിലാണ്.
എരുമേലി ശ്രീനിപുരത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: വിദേശത്ത് നഴ്സായിരുന്ന അഞ്ജലി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
അഞ്ജലിയുമായി പ്രണയത്തിലാണെന്നും വിവാഹം ചെയ്തു നൽകണമെന്നും ആവശ്യപ്പെട്ട് അയൽവാസിയായ യുവാവ് സുഹൃത്തുക്കളുമായി ഇന്നലെ വീട്ടിൽ എത്തിയിരുന്നു.
ഇവർക്കൊപ്പം പോകാൻ അഞ്ജലി മുതിർന്നതോടെ വീട്ടുകാർ എതിർത്തു. തുടർന്നു അഞ്ജലിയെ വീടിനുള്ളിലാക്കി വീട്ടുകാർ കതക് പൂട്ടിയതോടെ യുവാവും സുഹൃത്തുക്കളും മടങ്ങി.
ഇതിനുശേഷം വീട്ടിൽ വഴക്കുണ്ടാകുകയും ഭർത്താവിന്റെ സ്ഥാപനത്തിലേക്ക് ഉപയോഗിക്കാൻ വാങ്ങി വച്ചിരുന്ന പെട്രോൾ സീതമ്മ ദേഹത്തൊഴിച്ചു തീകൊളുത്തിയതോടെ വീടിന് തീപിടിക്കുകയുമായിരുന്നു. നാട്ടുകാരും എരുമേലി പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാ വിഭാഗം എത്തി തീയണച്ചെങ്കിലും വീടിന്റെ ഉൾവശവും മേൽക്കൂരയിലെ ഷീറ്റുകളും കത്തിനശിച്ചിരുന്നു. മൂന്നു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വിട്ടുനൽകുമെന്നും സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.