ബംഗളൂരു: പ്രണയം നടിച്ച് വിദ്യാർഥിയുടെ രക്ഷിതാവിൽനിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ശ്രീദേവി രുദാഗിയെന്ന 25 വയസുകാരിയെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
തന്റെ സ്കൂളിൽ പഠിക്കുന്ന അഞ്ചുവയസുകാരിയുടെ പിതാവുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് സ്വകാര്യ ഫോട്ടോയും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയെന്നും 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് കേസ്.
മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേൺ ബംഗളൂരുവിൽ താമസിക്കുന്ന വ്യവസായിയാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അഞ്ചു വയസുകാരിയായ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് 2023ൽ ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്.
തുടർന്ന് ഇരുവരും സൗഹൃദം തുടരുകയും പുതിയ ഫോണും സിം കാർഡും ഉപയോഗിച്ച് മെസേജും വീഡിയോ കോളുകളും ചെയ്യാനാരംഭിക്കുകയും പണം തട്ടിയെടുക്കുകയുമായിരുന്നു.
ശ്രീദേവിയും പരാതിക്കാരനും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടപ്പോഴാണ് പോലീസിൽ പരാതി നൽകിയത്. ശ്രീദേവിക്കൊപ്പം ഇവരുടെ സഹായികളായ ഗണേഷ് കാലെ (38), സാഗർ (28) എന്നിവരും അറസ്റ്റിലായിട്ടുണ്ട്.