കുമരകം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് മുഖേന പരിചയമുണ്ടാക്കി വിവാഹം ഉറപ്പിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവാവ് ഇന്നു പരാതി നൽകും.
കണ്ണൂർ തളിപ്പറന്പ് കാക്കാമണി എം.കെ. വികേഷാണു മുഹൂർത്തത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ തട്ടിപ്പിൽനിന്നും രക്ഷപെട്ടത്. സംഭവുമായി ബന്ധപ്പെട്ട് തിരുവാർപ്പ് സ്വദേശിനി ഉഷയ്ക്കെതിരെയാണ് യുവാവ് കുമരകം പോലീസിൽ പരാതി നൽകുന്നത്.
വികേഷിന്റെ സഹോദരി വിനീഷ, ഭർത്താവ് ജയദീപ് എന്നിവർ ഇന്നലെ കുമരകത്ത് എത്തി. തിരുവാർപ്പിലെ ഉഷയുടെ വീട്ടിലെത്തിയശേഷം കുമരകം പോലീസിനെ സമീപിക്കുകയായിരുന്നു.
എം.കെ. വികേഷിനാണ് ഒരുക്കങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച നടത്താനിരുന്ന വിവാഹം നടക്കില്ലെന്ന് ഇന്നലെ ഉറപ്പായത്. തിരുവാർപ്പ് സ്വദേശിനിയും ഡാൻസ് ടീച്ചറുമായ യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി വിവാഹാലോചന നടത്തിയത് അയൽവാസിയായ വീട്ടമ്മയാണ്.
വാട്ട്സ്ആപ്പ് നന്പരിൽ വരന്റെ വീട്ടുകരുമായി ബന്ധപ്പെട്ട വീട്ടമ്മ താൻ വധുവെന്ന വ്യാജേന സംസാരിക്കുകയായിരുന്നു. തിരുവനന്തപുരം ഗവ: ആശുപത്രിയിൽ ടെക്നീഷ്യയായി ജോലി ഉണ്ടെന്നറിയിക്കുകയും അയൽവാസി യുവതിയുടെ ഫെയ്സ് ബുക്കിൽ നിന്നെടുത്ത ചെറുപ്പം മുതലുള്ള ഫോട്ടോകൾ അയച്ചു കൊടുക്കുകയും ചെയ്തു.
വധുവിന്റെ വീടെന്ന വ്യാജേന തിരുവാർപ്പ് സ്വദേശി സുനിലിന്റെ വീടും തങ്ങൾക്ക് രാഷ്ട്രീയ പാർട്ടിയുമായി ഉന്നത ബന്ധം ഉണ്ടെന്നു സ്ഥാപിക്കാൻ തിരുവാർപ്പിലെ പാർട്ടി ഓഫിസിന്റെ ഫോട്ടോയും അയച്ചു കൊടുത്തിരുന്നു.
ജനുവരി 27-ന് കണ്ണൂരിൽ നിന്നും വിവാഹ ആലോചനക്കായി കോട്ടയംവരെ എത്തിയ വികേഷിന്റെ ബന്ധുക്കളോടു വീട്ടിൽ മരണം നടന്നുവെന്നും ഇന്നു വീട്ടിൽ വരേണ്ടെന്നും പറഞ്ഞ് എം.ജി ലോഡ്ജിൽ തങ്ങാൻ അറിയിച്ചു.
മറ്റൊരാളുമായി ലോഡ്ജിലെത്തി മരണവീട്ടിൽ വിവാഹം ഉറപ്പിക്കുന്നത് ശരിയല്ലെന്ന് ധരിപ്പിച്ചു. തുടർന്നു ലോഡ്ജിൽ വെച്ചുതന്നെ വിവാഹം ഉറപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച കണ്ണുരുള്ള ബന്ധുവീട്ടിൽ വധു എത്തി ഡ്രസിന്റെ അളവും മോഡലും നൽകാമെന്നു അറിയിച്ചെങ്കിലും എത്തിയില്ല. അതിനായി ഇന്നലെ വികേഷിന്റെ പെങ്ങളും അളിയനും കോട്ടയത്ത് എത്തിയപ്പോൾ തന്റെ അമ്മക്ക് ചിക്കൻപോക്സ് ആണെന്നും വീട്ടിലേക്കു വരേണ്ടെന്നും വധു ഫോണിലൂടെ അറിയിച്ചു.
കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വധുവിന്റെ അമ്മയെന്നറിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടു തിരികെ വിളിച്ചപ്പോൾ ഫോണും സ്വിച്ച് ഓഫ് ചെയ്തിരുന്നു.
സംശയം തോന്നി തിരുവാർപ്പിൽ എത്തി പാർട്ടി ഓഫീസുമായി ബന്ധപ്പെട്ടു. ഫോട്ടോയും അഡ്രസും കണ്ട് പാർട്ടി പ്രവർത്തകരുമായി തിരുവാർപ്പിലുള്ള യുവതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുൾ അഴിയുന്നത്.
പുതുപ്പള്ളി സ്വദേശിനിയായ വീട്ടമ്മ കോട്ടയത്തെ ലോഡ്ജിൽ പെണ്ണിന്റെ അച്ചനാണെന്നു പറഞ്ഞയാൾ പ്രധാന സൂത്രധാരാണെന്ന് പോലീസ് കരുതുന്നു. സ്ത്രീധനം ഒന്നും ഇല്ലാതെ നടത്താൻ തീരുമാനിച്ച വിവാഹത്തിനായി വരന്റെ വീട്ടുകാർ വൻ തുക ചിലവഴിച്ചു.
മൂന്നു ലക്ഷം രൂപാ മുടക്കി വീടിന്റെ അറ്റകുറ്റ പണികൾ നടത്തി. 400 പേർക്കിരിക്കാവുന്ന പന്തലിട്ടു. പാർട്ടി പ്രവർത്തകനായതിനാൽ മന്ത്രിമാർ ഉൾപ്പടെയുള്ളവരെ വിവാഹത്തിനു ക്ഷണിക്കുകയും ചെയ്തു.
കുമരകം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കുമരകം സിഐ ഷിബു പാപ്പച്ചന്േറയും എസ്ഐ ജി. രജൻ കുമാറിന്റെയും നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.