ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് പരിസരത്തും സമീപ പ്രദേശങ്ങളിലും പിങ്ക് പോലീസ്, മഫ്തി പോലീസ് എന്നിവരുടെ സാന്നിധ്യം വേണമെന്ന ആവശ്യം ശക്തമാകുന്നു.
ഏതാനും നാളുകളായി മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡും സ്കൂളിനു സമീപത്തെ ഇടവഴികളും വിദ്യാർഥികളുടെ പ്രണയ സല്ലാപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
ഇതിനു പുറമെ മെഡിക്കൽ കോളജിനു സമീപത്തുള്ള ഒരു പ്രദേശത്ത് കൂട്ടമായി എത്തുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്യമായി ഇരുന്നു പുകവലിക്കുന്നതായും നാട്ടുകാരും പ്രദേശവാസികളും പറയുന്നു.
സ്കൂൾ സമയങ്ങളിൽപ്പോലും കുട്ടികൾ ക്ലാസിൽ നിന്നിറങ്ങി ഉൗരു ചുറ്റുന്നത് പതിവാണെന്നും സമീപവാസികൾ പറയുന്നു.
നേരത്തെ മെഡിക്കൽ കോളജ് കോന്പൗണ്ടിനുള്ളിലുള്ള ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ചായിരുന്നു ഇക്കൂട്ടരുടെ പ്രണയ സല്ലാപങ്ങൾ.
ഇക്കാര്യം നാട്ടുകാർ ആശുപത്രി അധികൃതരെ അറിയിക്കുകയും തുടർന്ന് ഇവിടേയ്ക്കുള്ള കവാടങ്ങൾ പൂട്ടുകയും ചെയ്തിരുന്നു.
തുടർന്നാണ് ബസ് സ്റ്റാൻഡ് പരിസരവും സമീപത്തെ ഇടവഴികളും ഇവർ പ്രണയ സല്ലാപങ്ങൾക്കായി തെരെഞ്ഞെടുത്തത്.
കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ നാട്ടുകാർ നോക്കി നില്‍ക്കേ സ്കൂൾ വിദ്യാർഥിനികൾ തമ്മിൽ അസഭ്യവർഷവും കൈയാങ്കളിയും നടന്ന സംഭവത്തിലും പ്രണയപ്പകയാകാമെന്നാണ് വിലയിരുത്തൽ.
നാളുകളായി മെഡിക്കൽ കോളജും പരിസര പ്രദേശങ്ങളും ലഹരി മാഫിയായുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായിരുന്നു. ഇവർക്കു പുറമെയാണ് പ്രണയ ജോഡികളും പ്രദേശങ്ങൾ കൈയടക്കിയിരിക്കുന്നത്.